ന്യൂദല്‍ഹി: കൊറോണ(കൊവിഡ് 19) വൈറസ് ബാധയെ പ്രതിരോധിക്കാന്‍ കേന്ദ്രത്തിന് സ്വീകരിക്കേണ്ടി വന്ന കടുത്ത നടപടികള്‍ മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായതില്‍ ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് നേരിടുന്നതിന്റെ ഭാഗമായാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണിനെ ചിലര്‍ ഗൗരവത്തില്‍ എടുക്കുന്നില്ല, ഇത് ശരിയല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലോകം മുഴുവന്‍ കൊവിഡിനെതിരായ പോരാട്ടത്തിലാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കടുത്ത നടപടികളാണ് കേന്ദ്ര സര്‍ക്കാരിന് എടുക്കേണ്ടിവന്നത്. ജനങ്ങള്‍ക്ക് സ്വാഭാവികമായും ബുദ്ധിമുട്ടുകളുണ്ടാകും. അതിന്റെ പേരില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ലോക്ക്ഡൗണിന്റെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കി. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാത്തപക്ഷം രാജ്യത്തിന് ഈ യുദ്ധം ജയിക്കാന്‍ കഴിയില്ല. ആരോഗ്യമാണ് സമ്പത്ത്, ആളുകള്‍ നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ അവര്‍ അവരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. വൈറസിനെതിരെ പോരാടുന്ന നിരവധി മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൊറോണ വൈറസിനെതിരെ മുന്‍നിരയില്‍ നിന്ന് പോരാടിയവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാന്‍ കി ബാത്തില്‍ നന്ദി പറഞ്ഞു. കൊറോണ വൈറസുമായി പോരാടുന്ന നിരവധി സൈനികരുണ്ട്. പ്രത്യേകിച്ച് നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ നിലകളില്‍ ഡ്യൂട്ടിയിലുള്ള സഹോദരങ്ങള്‍. അവരാണ് രാജ്യത്തിന്റെ മുന്‍നിര സൈനികരെന്നും അദ്ദേഹം പറഞ്ഞു.
അസുഖം നമ്മെ ബാധിക്കുന്നതിനുമുമ്പ് നാം അതിനെതിരെ പോരാടണം. കൊറോണ വൈറസ് ലോകത്തെയാകെ തടവിലാക്കി. വൃദ്ധരും ചെറുപ്പക്കാരും ദുര്‍ബലരും ശക്തരുമായ എല്ലാവരേയും ബാധിക്കുന്നു. മുഴുവന്‍ മനുഷ്യരും ഒത്തുചേര്‍ന്ന് ഈ പ്രതിസന്ധിയ്ക്കെതിരെ പോരാടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: