പത്തനംതിട്ട: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാപെന്ഷന് പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് രണ്ടു മാസത്തെ കുടിശിക തുക അനുവദിച്ചെങ്കിലും അത് ഉടന്‍ ഗുണഭോക്താക്കളില്‍ എത്തിയേക്കില്ല എന്ന് ആശങ്ക ഉയരുന്നു.
കഴിഞ്ഞ വര്‍ഷത്തെ തുക ഇനിയും കൊടുത്തുതീര്‍ക്കാനുള്ളപ്പോഴാണ് കഴിഞ്ഞ ദിവസം 2019 ഒക്ടോബര്‍, നവംബര്‍ മാസത്തെ കുടിശിക സര്‍ക്കാര്‍ അനുവദിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. അതുകൊണ്ട് പലര്‍ക്കും പെന്ഷന് വാങ്ങാനാവില്ല.
പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ മറ്റ് വായ്പാസംഘങ്ങള്‍ എന്നിവമുഖാന്തിരം ഗുണഭോക്താവിന്റെ വീട്ടില്‍ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ എത്തിക്കുന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ മിക്കവരും ആ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല.
2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സാമൂഹ്യസുരക്ഷാപെന്‍ഷന്‍ നല്‍കുന്നതിനായി ആയിരത്തിഅറുപത്തിയൊന്പത് കോടി മൂവായിരത്തിയെണ്ണൂറ് രൂപയാണ് അനുവദിച്ചത്. ഇതില്‍ അഞ്ഞൂറ്റി അന്‍പത്തിയേഴ് കോടി പതിനെട്ട് ലക്ഷത്തി ആയിരത്തി എണ്ണൂറു രൂപ പെന്ഷന് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മുഖാന്തിരമാണ് വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കളുടെ വീടുകളില്‍ നേരിട്ട് വിതരണം ചെയ്യുന്നത് അഞ്ഞൂറ്റിപതിനൊന്ന് കോടി എണ്‍പത്തിരണ്ട് ലക്ഷത്തിരണ്ടായിരം രൂപയുമാണ്.
ഓരോദിവസം കഴിയുംതോറും നിയന്ത്രണങ്ങള്‍ വര്ദ്ധിപ്പിക്കുന്നസാഹചര്യത്തില് പെന്ഷന് വീടുകളില്‍ നേരിട്ട് എത്തിക്കുന്നതും എത്രത്തോളം പ്രാവര്‍ത്തികമാകും എന്നകാര്യത്തിലും ആശങ്ക ഉണ്ട്. തൊഴിലിടങ്ങള്‍ അടക്കം സമസ്തമേഖലകളും നിശ്ചലമായിരിക്കേ സാമൂഹ്യ സുരക്ഷാപെന്ഷന് ഗുണഭോക്താക്കളുടെ പെന്ഷന് കുടിശിക പോലും ലഭിക്കാത്ത സ്ഥിതി ബുദ്ധിമുട്ടുണ്ടാക്കും. ഇപ്പോള്‍ അനുവദിച്ചതുകൂടാതെ നിലവില്‍ മൂന്നുമാസത്തെ പെന്ഷന് ഇപ്പോഴും കുടിശികയാണ്.
പെന്‍ഷന്‍തുക വിതരണം ചെയ്യാനായില്ലെങ്കില്‍ അവശേഷിക്കുന്നതുക ഏപ്രില്‍ 15നകം കേരളാസോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡിന്റെ പേരില്‍ സംസ്ഥാനസഹകരണബാങ്കിന്റെ ഹെഡ്ഓഫീസ് ബ്രാഞ്ചില്‍ തിരച്ചടയ്ക്കണമെന്നും ഉത്തരവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: