ന്യൂദല്‍ഹി: കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21 ദിവസത്തേയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണിലൂടെ രാജ്യം വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ വലിയ പിന്തുണയുമായി എത്തിയിരിക്കുകയാണ് പാര്‍ലേ ജി ബിസ്ക്കറ്റ് കമ്പനി.
മൂന്നു കോടി ബിസ്ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി രാജ്യത്ത് വിതരണം ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാകും വിതരണം ചെയ്യുക. ഒരു കോടി പായ്ക്കറ്റുകള്‍ വീതം മൂന്നാഴ്ചകളിലായി രാജ്യത്ത് വിതരണം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സമ്പൂര്‍ണ ലോക് ഡൗണിന്റെ ആദ്യ ദിനം രാജ്യം ഏറെക്കുറെ നിശ്ചലയമായിരുന്നു. 80 കോടി ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരിയും ഗോതമ്പും നല്‍കുമെന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. സെന്‍സസ്, ദേശീയ ജനസംഖ്യ റജിസ്റ്റര്‍ നടപടികള്‍ മാറ്റിവച്ചു.
അതേസമയം രാജ്യത്ത് കൊവിഡിന്റെ സാമൂഹിക വ്യാപനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 606 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 42 പേര്‍ക്ക് രോഗം മാറി. മരിച്ചവരുടെ എണ്ണം പത്തായി. വിദേശത്ത് നിന്നെത്തിയവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കും. അവശ്യവസ്തു ലഭ്യത ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയ ജോ.സെക്രട്ടറിക്ക് ചുമതല നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: