ന്യൂദല്‍ഹി: ആപല്‍ക്കരമായ രീതിയില്‍ കൊറോണ വ്യാപിക്കുന്നത് തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. 21 ദിവസത്തേക്കുളള സമ്പൂര്‍ണ്ണ അടച്ചിടല്‍ ഇന്നലെ അര്‍ധരാത്രി 12ന് നിലവില്‍ വന്നു. ഏപ്രില്‍ 14ന് അര്‍ദ്ധരാത്രി വരെയാണ് സമ്പൂര്‍ണ ലോക്ഡൗണ്‍.
21 ദിവസം വീടിന് പുറത്തിറങ്ങരുത്
നിങ്ങളിപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണം. രാജ്യം പ്രതിസന്ധിയിലാവുമ്പോള്‍ എങ്ങനെ ഒരുമിച്ചുനില്‍ക്കണമെന്ന് ഇന്ത്യ ജനതാ കര്‍ഫ്യൂവിലൂടെ കാണിച്ചുകൊടുത്തു. ജനതാ കര്‍ഫ്യൂ വിജയിപ്പിച്ച മാതൃകയില്‍ സമ്പൂര്‍ണ ലോക്ഡൗണും വിജയിപ്പിക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ കുടുംബവും രാജ്യവും തന്നെ 21 വര്‍ഷം പിന്നോട്ട് പോകും.
സാമൂഹ്യ അകലം പാലിക്കുക മാത്രമാണ് രക്ഷാ മാര്‍ഗമെന്നും ഇന്നലെ രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി വ്യക്തമാക്കി. ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ നമ്മുടെ മാതാപിതാക്കളെയും കുട്ടികളെയും കുടുബത്തെയും രാജ്യത്തെ തന്നെയും ആപത്തില്‍ നിന്ന് കാക്കാന്‍ ഇതുമാത്രമാണ് മാര്‍ഗമെന്നും ആവര്‍ത്തിച്ചു.
എല്ലാവരും വീട്ടിലിരിക്കാന്‍ കൈകൂപ്പി അഭ്യര്‍ഥിച്ച പ്രധാനമന്ത്രി ലോകാരോഗ്യ സംഘടനയുടെ മുന്‍കരുതല്‍ ഗൗരവത്തില്‍ എടുക്കണമെന്നും ആവശ്യപ്പെട്ടു.
ലക്ഷ്മണരേഖ മറികടക്കരുത്
ഒരാളും വീടിനു മുന്നിലെ ലക്ഷ്മണ രേഖ മറികടക്കരുത്. പുറത്തിറങ്ങണമെന്ന ആഗ്രഹം 21 ദിവസത്തേക്ക് മറക്കാന്‍ അഭ്യര്‍ഥിച്ച മോദി മനുഷ്യ ജീവനുകള്‍ രക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. കൊറോണ തീപടരും പോലെ അതിവേഗം പടരുകയാണ്. ചൈനക്കും ഇറ്റലിക്കും ജര്‍മ്മനിക്കും അമേരിക്കക്കും ഇറാനും ജപ്പാനും വൈറസിനെ തടയാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ വീടിനു പുറത്തിറങ്ങാതെ സൂക്ഷിച്ച രാജ്യങ്ങള്‍ക്കാണ് ഇങ്ങനെ വൈറസ് വ്യാപനം കുറെയെങ്കിലും തടയാന്‍ കഴിഞ്ഞത്. എന്തു വിലകൊടുത്തും നാം വൈറസ് വ്യാപനം തടയുക. അതിന് രോഗത്തിന്റെ ചങ്ങല പൊട്ടിക്കണം. അതിന് നാം വീട്ടില്‍ തന്നെ കഴിയണം.
രോഗബാധ രണ്ടാമത്തെ ലക്ഷത്തില്‍ എത്താന്‍ ആറു ദിവസവും മൂന്നാമത്തെ ലക്ഷത്തില്‍ എത്താന്‍ വെറും നാലു ദിവസവും മാത്രമേ വേണ്ടിവന്നുള്ളു. മോദി ചൂണ്ടിക്കാട്ടി. ഇതിനകം പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
പ്രത്യേക പാക്കേജ്
കൊറോണ വ്യാപനം തടയാനും ജനങ്ങളുടെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 15,000 കോടി രൂപ നീക്കിവച്ചതായി മോദി പ്രസംഗത്തില്‍ അറിയിച്ചു. ലോകാേരാഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരമാണ് നാം പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ സംരക്ഷണം ശക്തമാക്കാനുള്ള നടപടികളാണ് നാം കൈക്കൊള്ളുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐസൊലേറ്റഡ് ബെഡുകള്‍, ഐസിയുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങി ആരോഗ്യ മേഖലയിലെ സജ്ജീകരണങ്ങള്‍ക്കാണ് ഈ തുക. കൊറോണ ഭീതി ഒഴിയുംവരെ സംസ്ഥാന സര്‍ക്കാരുകളുടെ ഏക ജോലി കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: