തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും പൊതുജനങ്ങള്‍ കൂട്ടമായി നിരത്തിലിറങ്ങുന്നത് തടയാന്‍ കര്‍ശന നടപടിയുമായി പോലീസ്. സ്വകാര്യവാഹനങ്ങള്‍ അനാവശ്യമായി നിരത്തിലിറങ്ങിയാല്‍ കര്‍ശന നടപടി ഉണ്ടാകും. സ്വകാര്യ വാഹനത്തില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണം. തെറ്റായ വിവിവരമാണ് നല്‍കിയതെന്നു കണ്ടെത്തിയാല്‍ നിയമനടപടി ഉണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
അവശ്യസേവനങ്ങള്‍ക്കുള്ള പാസുകള്‍ ജില്ലാ പോലീസ് മേധാവികള്‍ ആകും വിതരണം ചെയ്യുക. മരുന്നുകള്‍ കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്ക് ഇളവുണ്ട്. ടാക്സിയും ഓട്ടോയും ആശുപത്രി സേവനങ്ങള്‍ക്കും ആവശ്യസര്വീസിനും മാത്രമേ ഉപയോഗിക്കാവൂ എന്നും പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ മാത്രമേ ബിവറേജസ് ഔട്ട്ലെറ്റുകള് പ്രവര്‍ത്തിക്കൂ. ബാറുകളില്‍ പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. അഞ്ച് മണിക്ക് ശേഷം ഷാപ്പുകള്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. മദ്യശാലകളില്‍ എത്തുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ക്യൂ നില്ക്കുന്നവര് ഒന്നര മീറ്റര്‍ അകലം പാലിക്കണം. മദ്യശാലകളില്‍ തിരക്ക് നിയന്ത്രിക്കാനും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: