ന്യൂദല്‍ഹി: രക്ഷപ്പെടാനുള്ള അവസാന അടവുകളും പരാജയപ്പെട്ടു. രാജ്യത്തിന്റെ നെഞ്ചിലേറ്റ ഉറങ്ങാത്ത മുറിവായ ദല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കി. ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്ക് ദല്‍ഹിയിലെ തിഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ മുറിയില്‍ പ്രതികളായ മുകേഷ്കുമാര്‍ സിങ് (32), പവന് ഗുപ്ത (25), വിനയ്ശര്‍മ (26), അക്ഷയ്കുമാര്‍ സിങ് (31) എന്നിവരെ തൂക്കിലേറ്റി. പുലര്‍ച്ചെ മൂന്നരയ്ക്ക് വധശിക്ഷയ്ക്ക് എതിരായ പ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി തള്ളിയതോടെയാണ് നിര്‍ഭയ കേസിലെ അന്തിമ നീതി നടപ്പായത്. വൈകിയെങ്കിലും മകള്‍ക്ക് നീതി ലഭിച്ചതായി നിര്‍ഭയ പെണ്‍കുട്ടിയുടെ അമ്മ ആശാദേവി പ്രതികരിച്ചു.
വധശിക്ഷ നടപ്പാക്കാതിരിക്കാന്‍ വ്യാഴാഴ്ച രാത്രി ഹൈക്കോടതിയെയും വെള്ളിയാഴ്ച പുലര്‍ച്ചെ സുപ്രീംകോടതിയെയും പ്രതികള്‍ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി പതിനൊന്നരയോടെ ഹൈക്കോടതി ഹര്‍ജികള്‍ തള്ളി. തൊട്ടു പിന്നാലെ പ്രതികളിലൊരാളായ പവന് ഗുപ്തയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പവന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനെതിരെയായിരുന്നു ഹര്‍ജി. പുലര്‍ച്ചെ മൂന്നരവരെ വാദംകേട്ട ശേഷം സുപ്രീംകോടതിയും പ്രതികളുടെ ആവശ്യംതള്ളി.
കോടതി നടപടികള്‍ പൂര്‍ത്തിയായതോടെ പുലര്‍ച്ചെ നാലു മണിയോടെ തിഹാര്‍ ജയിലില്‍ വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പ്രതികളെ പ്രത്യേകം തയാറാക്കിയ കൊലമരത്തിന് മുന്നിലേക്ക് കൊണ്ടുവന്നു. നാലുപേരുടേയും വധശിക്ഷ ഒരേ സമയമാണ് നിര്‍വഹിച്ചത്. കൃത്യം അഞ്ചരയ്ക്ക് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതായി തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ അറിയിച്ചു. വധശിക്ഷ നടപ്പായ വിവരം തിഹാര്‍ ജയിലിന് പുറത്തു തടിച്ചുകൂടിയ ജനങ്ങള്‍ ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു. ജയില്‍ ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചതോടെ ശിക്ഷാനടപടികള്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ ഡിഡിയു ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന്ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹം ഏറ്റു വാങ്ങുന്നില്ലെങ്കില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ തന്നെ സംസ്ക്കരിക്കും.
2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ ക്രൂരത രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. സുഹൃത്തിനൊപ്പം ബസ് കയറാന്‍ നിന്ന പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബസ്സില്‍ കയറ്റി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി ബസ് ഡ്രൈവര്‍ രാംസിങ് 2013-ല്‍ തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചു. പ്രായ പൂര്‍ത്തിയാവാത്ത പ്രതി ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. വിചാരണക്കോടതി പ്രതികള്‍ക്ക് തൂക്കുകയര്‍ വിധിച്ചത് സുപ്രീംകോടതി 2017ലാണ് ശരി വെച്ചത്. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം വിധി ഇന്നലെ പുലര്‍ച്ചെ നടപ്പാക്കി. നിര്‍ഭയ പെണ്‍കുട്ടി അനുഭവിച്ച കൊടുംക്രൂരതയ്ക്ക് ഏഴുവര്‍ഷവും മൂന്നുമാസവും പിന്നിടുമ്പോള്‍ രാജ്യം അതിന്റെ പരമാവധി ശിക്ഷ തന്നെ നടപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: