ബെംഗളൂരു: ഡിജിറ്റല്‍ വാലറ്റ് കമ്പനി പേടിഎമ്മിന്റെ കെവൈസി (ഉപഭോക്താവിനെ അറിയുക) പുതുക്കുന്നതിന്റെ പേരില്‍ വ്യാപക തട്ടിപ്പ്. റിമോട്ട് സെന്‍സര്‍ ഉപയോഗിച്ച് ബെംഗളൂരു നഗരത്തിലെ നിരവധി പേറ്റിഎം ഉപഭോക്താക്കളുടെ പണം വ്യാജ സന്ദേശത്തിലൂടെ നഷ്ടമായി. ബെംഗളൂരു സിറ്റി പോലീസ് സൈബര്‍ സെല്ലില്‍ ബെംഗളൂരു സ്വദേശിയായ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
സമാനമായ തട്ടിപ്പിന് നിരവധി പേര്‍ ഇരയായതായി അന്വേഷണസംഘം കണ്ടെത്തി. ഡോക്ടര്‍ക്ക് മാര്‍ച്ച് 11ന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചു. പേറ്റിഎം കെവൈസി കാലാവധി ഇന്ന് അവസാനിക്കുമെന്നും സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കാന്‍ കസ്റ്റമര്‍ കെയര്‍ നമ്പറായ 8389888499 ലേക്കു വിളിക്കണമെന്നുമായിരുന്നു സന്ദേശം. പേറ്റിഎം വാലറ്റുമായി രജിസ്റ്റര്‍ ചെയ്ത ഡോക്ടറുടെ നമ്പറിലേക്കാണ് സന്ദേശം വന്നത്.
ഇതോടെ സന്ദേശത്തില്‍ കൊടുത്തിരുന്ന നമ്പറിലേക്കു ഡോക്ടര്‍ വിളിച്ചു. കെവൈസി അപ്‌ഡേറ്റ് ചെയ്യാന്‍ പേറ്റിഎം ആപ്പ് തുറന്നു വാലറ്റിലേക്കു പത്തു രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡോക്ടര്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പത്തു രൂപ വാലറ്റിലേക്കു നിക്ഷേപിച്ചു. ഇതേ സമയം ഡോക്ടറുടെ ഫോണിലേക്ക് മറ്റൊരു നമ്പറില്‍ നിന്ന് സന്ദേശമെത്തി. അതിലെ ലിങ്ക് തുറക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു ശേഷം കെവൈസി അപ്ഡേറ്റ് ആയോ എന്നറിയാന്‍ വാലറ്റിലേക്കു പണം നിക്ഷേപിക്കാന്‍ പറഞ്ഞു. അടുത്ത നിമിഷം ഡോക്ടറുടെ വാലറ്റില്‍ നിന്ന് 4,891 രൂപ നഷ്ടമായി. അടുത്ത മൂന്നു മിനിറ്റിനുള്ളില്‍ ഡോക്ടര്‍ക്ക് 50,000 രൂപ കൂടി നഷ്ടമായി. തുടര്‍ന്ന് ഡോക്ടര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
റിമോട്ട് സെന്‍സര്‍ ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. രണ്ടാമത്തെ സന്ദേശത്തിലെ ലിങ്ക് തുറന്നതോടെ റിമോട്ട് സെന്‍സര്‍ ആപ്പിലൂടെ ഡോക്ടറുടെ ഡെബിറ്റ് കാര്‍ഡിലെ വിവരങ്ങളും രഹസ്യനമ്പറുമെല്ലാം തട്ടിപ്പ് സംഘം മനസ്സിലാക്കി. തുടര്‍ന്ന് ഇതുപയോഗിച്ച് ഡോക്ടറുടെ അക്കൗണ്ടിലെ പണം മറ്റൊരു അക്കൗണ്ടിലേക്ക് അവര്‍ മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: