തിരുവനന്തപുരം: ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നവരോട് ഫെയ്സ്ബുക്കിലൂടെ ചോദ്യമുയര്‍ത്തി അധ്യാപകനും പ്രഭാഷകനുമായ എ.പി. അഹമ്മദ്. കഴിഞ്ഞ ദിവസം നിമിഷ ഫാത്തിമയുടേയും സോണിയ സെബാസ്റ്റിയന്റെയും വീഡിയോ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് എ.പി. അഹമ്മദിന്റെ പോസ്റ്റ്.
മതംമാറ്റത്തിന്റെ കാണാക്കെണിയായി പ്രണയം പ്രയോഗിക്കപ്പെടുന്ന നവലോകവഞ്ചനയാണ് ‘ലൗ ജിഹാദ്’. മതംമാറ്റം പൗരാവകാശമാണെന്ന് വാദിച്ചുകൊണ്ട് ‘ലൗ ജിഹാദ്’ ആരോപണത്തെ പ്രതിരോധിക്കാന്‍ ഇനിയും മലയാളിക്ക് കഴിയുമോ? നിമിഷയുടേയും സോണിയയുടേയും സാക്ഷിമൊഴികള്‍ക്ക്, ഇസ്ലാമിക തീവ്രവാദികളും അവരുടെ വാടകബുദ്ധിജീവികളും മറുപടി പറയട്ടെയെന്നും ഫെയ്സ്ബുക്ക് കുറുപ്പിലൂടെ എപി അഹമ്മദ് കുറിക്കുന്നു.
മതം മാറ്റം നടത്തി ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന നിമിഷയുടേയും സോണിയയുടെയും വെളിപ്പെടുത്തലുകളടങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമം പുറത്ത് വിട്ടിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നതായി സോണി സെബാസ്റ്റിയന് വീഡിയൊയില്‍ പറഞ്ഞിരുന്നു. മകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിമിഷ ഫാത്തിമയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ലൗ ജിഹാദ്?.. ഏയ്.. അങ്ങനെയൊന്നില്ല!
പ്രണയം ഒരു കൗമാരഭ്രമമായി ആവേശിച്ച്, വിവാഹം അതിന്റെ സാഫല്യമായി പരിഗണിച്ച്, മതംമാറ്റം ഒരു സാമൂഹിക നടപടിയായി സ്വീകരിച്ച്, ക്രമേണ ഇസ്ലാം സ്വര്ഗമാര്ഗമായി ആവാഹിച്ച്, ഒടുവില്‍ സ്വര്‍ഗംതേടി അഫ്ഗാനിലെ ഐഎസ് താവളത്തില്‍ പ്രവേശിച്ച്, ഇപ്പോള്‍ കാബൂള്‍ ജയിലില്‍ കണ്ണീരൊഴുക്കുന്ന മലയാളി വിധവകളെക്കുറിച്ചുള്ള രണ്ട് വാര്‍ത്തകളുണ്ട് ഇന്നത്തെ ‘ഹിന്ദു’വില്‍..
തിരുവനന്തപുരത്തെ നിമിഷ എന്ന നായര്‍ പെണ്‍കുട്ടി, മുസ്ലിമായ യുവഡോക്ടറെ പ്രണയിക്കുന്നു. അവള് ഫാത്തിമയായി മതംമാറിയിട്ടും അയാള്‍ കയ്യൊഴിയുന്നു. ഫാത്തിമയായി തുടര്‍ന്ന നിമിഷ കാസര്‍ക്കോട്ട് ബീഡിഎസിന് പഠിക്കുമ്പോള്‍ വിവാഹിതയാവുന്നു. ഈസ എന്ന പേരില്‍ ഇസ്ലാം സ്വീകരിച്ച പാലക്കാട്ടുകാരന് ബെക്സിന് വിന്‍സെന്റ് ആയിരുന്നു വരന്. ഗര്‍ഭിണിയായിരിക്കേ, 2016 മെയ് 31ന് ആ കുടുംബം മുംബൈ വഴി ഇന്ത്യവിട്ടു. ശ്രീലങ്ക വഴി അവര്‍ അഫ്ഗാനിസ്താനിലെ ഖുറാസാന്‍ ഐഎസ് ക്യാമ്പിലെത്തിയതായി പിന്നീട് എന്‍ഐഎ സ്ഥിരീകരിച്ചു..
എറണാകുളത്തെ സോണിയാ സെബാസ്റ്റ്യന്‍(താഴെ കാണുന്ന ചിത്രം) എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയും തൃക്കരിപ്പൂരിലെ അബ്ദുല്‍ റാഷിദും ബഹ്റൈനില്‍ ഒരുമിച്ചായിരുന്നു, സ്കൂള്‍വിദ്യാഭ്യാസം. നാട്ടിലെ ഉപരിപഠനകാലത്ത് ആ ബന്ധം പ്രണയമായി വളര്‍ന്നു. ആയിഷ എന്ന പേരില്‍ ഇസ്ലാം സ്വീകരിച്ച്, സോണിയ റാഷിദിന്റെ ഭാര്യയായി. അവരുടെ വിവാഹശേഷം ബീഹാറുകാരി യാസ്മിനും റാഷിദിന്റെ ജീവിതപങ്കാളിയായി. രണ്ടാംഭാര്യ യാസ്മിന് തുറന്ന വഴിയിലൂടെയാണ് രണ്ട് ഭാര്യമാരേയും കൂട്ടി റാഷിദ് അഫ്ഗാനിലെത്തിയത്..
ഭീകരപ്രവര്‍ത്തനത്തിനിടയില്‍ രണ്ട് യുവാക്കളും കഴിഞ്ഞവര്‍ഷം ഖുറാസാനില്‍ കൊല്ലപ്പെട്ടു. ഭാര്യമാര്‍ പോലീസിന് കീഴടങ്ങുമ്പോള്‍ ഇരുവര്‍ക്കും ഓരോ പെണ്മക്കളുണ്ട്. ജയിലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് അവര്‍ മക്കളോടൊപ്പം സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു. ഇരുവര്‍ക്കും മാപ്പ്നല്‍കി നാട്ടിലേക്ക് തിരിച്ചുപോരാന്‍ ഇന്ത്യാഗവണ്മെന്റ് സഹായിക്കണമെന്നാണ് അപേക്ഷ. ഇസ്ലാമിനുവേണ്ടി ചാവേര്നടക്കുന്ന നാട്ടില്‍ ഇസ്ലാമിക ജീവിതമേയില്ല എന്നും നിരാശയോടെ ആയിഷ സാക്ഷ്യപ്പെടുത്തുന്നു..
ദൈവത്തോളം വിശുദ്ധമായ ആത്മബന്ധമാണ് പ്രണയം. മതങ്ങളുടെ പൈശാചിക വ്യാപാരങ്ങളില്‍ പ്രണയം കരുവാക്കപ്പെടുന്നുണ്ടെങ്കില് അത് ക്രൂരതയും അന്താരാഷ്ട്ര കുറ്റകൃത്യവുമാണ്. മതംമാറ്റത്തിന്റെ കാണാക്കെണിയായി പ്രണയം പ്രയോഗിക്കപ്പെടുന്ന നവലോകവഞ്ചനയാണ് ‘ലൗ ജിഹാദ്’. മതംമാറ്റം പൗരാവകാശമാണെന്ന് വാദിച്ചുകൊണ്ട് ‘ലൗ ജിഹാദ്’ ആരോപണത്തെ പ്രതിരോധിക്കാന്‍ ഇനിയും മലയാളിക്ക് കഴിയുമോ? നിമിഷയുടേയും സോണിയയുടേയും സാക്ഷിമൊഴികള്‍ക്ക്, ഇസ്ലാമിക തീവ്രവാദികളും അവരുടെ വാടകബുദ്ധിജീവികളും മറുപടി പറയട്ടെ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: