അതിനാല്‍ അവയൊന്നുമല്ല, മറിച്ച് അവയുടെ ആ മൂലസ്രോതസ്സാണ്, ആ പൊതുശേഖരമാണ്, ഹിന്ദുതനിമയുടെ അവസാനവാക്ക്. പ്രാദേശികവും കാലികവും ആയ ആവാസവ്യവസ്ഥാപരവും വ്യക്തികളുടെ പ്രതിഭാപരവും ആയ ഘടകങ്ങള്‍ അവയുടെ ഇത്തരം നവരൂപഭാവങ്ങളെ സ്വാധീനിച്ചിട്ടുമുണ്ട്. ഈ വിഭിന്ന സമ്പ്രദായങ്ങളിലെല്ലാം തന്നെ പ്രസിദ്ധസോഷ്യോളജിസ്റ്റായ എം. എന്‍. ശ്രീനിവാസന് (Social Change in Modern India) ഈ നാടിന്റെ പ്രത്യേകതയായി എണ്ണുന്ന അപരിചിതങ്ങളില്‍ പരിചിതങ്ങളേയും പരിചിതങ്ങളില്‍ അപരിചിതങ്ങളേയും നമുക്കു കണ്ടെത്തുവാന്‍ കഴിയും.
ഈ പില്ക്കാലചിത്രത്തെ പഠിച്ചു നോക്കിയാല്‍ പ്രധാനമായും മൂന്ന് അന്തര്‍ധാരകളെ കണ്ടെത്താന്‍ കഴിയും. വിശ്വാസപരം, വിചാരപരം, അനുഭൂതിപരം എന്നിവയാണവ. ഈശ്വരവാദപരമാണ് ആദ്യത്തേത്. നിരവധി ദേവതാകല്പനകളും അവയുടെ ആരാധനാരൂപങ്ങളും ഇതിലടങ്ങിയിരിക്കുന്നു. വനവാസികളുടെ വിവിധദേവതകളും ആരാധനാരീതികളും, പല ഉള്പിരിവുകളോടു കൂടിയ വൈഷ്ണവം, ശൈവം, ശാക്തം, ഗാണപത്യം, കൗമാരം തുടങ്ങിയ സമ്പ്രദായങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഇഷ്ടദേവതയോടുള്ള സഹജവും നിര്‍വ്യാജവുമായ ഭക്തി ആണ് ഇതിന്റെമര്മ്മം.
പില്ക്കാലത്ത് ഇതിനു വൈചാരികമായ ബാഹ്യരൂപങ്ങള്‍ നല്കപ്പെട്ടു എന്നു കാണാം. ഭാസ്കരാചാര്യരുടെ ഭേദാഭേദവാദം, തമിഴകത്തെ ആള്‍വാര്‍മാരുടെ ഭക്തിമാര്‍ഗം, രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതം, നിംബാര്‍ക്കാചാര്യന്റെ ദ്വൈതാദ്വൈതം, മധ്വാചാര്യരുടെ ദ്വൈതം, വല്ലഭാചാര്യരുടെ ശുദ്ധാദ്വൈതം എന്നീ പ്രധാനവൈഷ്ണവസിദ്ധാന്തങ്ങളെ നാം കണ്ടു. ഇതുപോലെ പാശുപതം, കാപാലികം, മത്തമയൂരം, സിദ്ധാന്തശൈവം തുടങ്ങിയ ശൈവസിദ്ധാന്തങ്ങളേയും നാം ചര്‍ച്ച ചെയ്തു. ശാക്തത്തിലും ഇതു പോലെ സിദ്ധാന്തപരമായ പല ബാഹ്യരൂപങ്ങള്‍ കാണാം. ഈശ്വരന് ഒന്ന് പക്ഷേ വ്യത്യസ്തനാമരൂപങ്ങള് എന്ന വീക്ഷണമാണ് സമ്പ്രദായവൈവിധ്യത്തെ ഉള്‍ക്കൊള്ളാനുള്ള ഹിന്ദു നിലപാട്. സഹസ്രദ്വാരം തേ ഗൃഹം (ഈശ്വരാ! അങ്ങയുടെ വീട് ആയിരം വാതിലുകളുള്ളതാണ്) എന്നാണ് വേദവാണി.
യുക്തിചിന്തയാണ് വിചാരപരമായ ധാരയുടെ അടിത്തറ. എട്ടുതരം പ്രമാണങ്ങളെയാണ്, അറിയാനുള്ള ഉപകരണങ്ങളെയാണ് ഹിന്ദു ദാര്‍ശനികര്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അവ യഥാക്രമം പ്രത്യക്ഷം, അനുമാനം, ആപ്തവാക്യം (ശാബ്ദം), ഉപമാനം (ഉപമിതി), അര്‍ത്ഥാപത്തി, അഭാവം, സംഭവം, ഐതിഹ്യം എന്നിവയാണ്. ഇവയില്‍ ചാര്‍വാകന്‍ പ്രത്യക്ഷത്തെ മാത്രവുംബൗദ്ധനും വൈശേഷികനും പ്രത്യക്ഷം, അനുമാനം എന്ന രണ്ടിനേയും, ഭാസര്വജ്ഞനും (ന്യായസാരം എന്ന ഗ്രന്ഥം എഴുതിയ നൈയ്യായികന്‍) സാംഖ്യനും പ്രത്യക്ഷം, അനുമാനം, ശാബ്ദം എന്ന മൂന്നിനേയും ഉദയനാചാര്യനും മറ്റും പ്രത്യക്ഷം,അനുമാനം, ശാബ്ദം, ഉപമിതി എന്ന നാലിനേയും പ്രാഭാകരമീമാംസകര്‍ പ്രത്യക്ഷം, അനുമാനം, ശാബ്ദം, ഉപമാനം, അര്‍ത്ഥാപത്തി എന്നീ അഞ്ചിനേയും, ഭാട്ടമീമാംസകരും ശാങ്കരവേദാന്തികളും അഭാവത്തെ കൂടിച്ചേര്‍ത്ത് ആറിനേയും
പൗരാണികര്‍ സംഭവം, ഐതിഹ്യം എന്നിവയെ ചേര്‍ത്ത് എട്ടിനേയും സ്വീകരിക്കുന്നു. നിശിതമായ യുക്തി ഉപയോഗിച്ച് നേതി, നേതി എന്ന പ്രക്രിയയിലൂടെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള തത്വബോധം ഉറപ്പിക്കല്‍ (intelectual conviction) ആണ് ഇതിന്റെ പൊരുള്‍. ഏകം സത് വിപ്രാ ബഹുധാ വദന്തി എന്നതാണ് വിവിധദര്ശനങ്ങളോടുള്ള ഹിന്ദു സമീപനം.മൂന്നാമത്തെ അനുഭൂതിപരത്തില് ബോധത്തിന്റെ നാലാമത്തെ (തുരീയം) അവസ്ഥയായ അദ്വയാനുഭൂതിയിലെത്തല് ആണ് ലക്ഷ്യം. സിദ്ധപരമ്പരയാണ് ഇതിന്റെ അവതാരകരും പ്രചാരകരും. ഹഠയോഗതന്ത്ര മാര്‍ഗമാണ് അതിന്റെ പ്രധാനവഴിയായി കരുതുന്നത്. ഈ തുരീയസ്ഥിതി കൈവരിക്കാന്‍ അനുപായം (ഉപായരഹിതം), ആനന്ദോപായം എന്നെല്ലാം പറയുന്ന ഒരു പ്രത്യേകവഴിയും കാശ്മീരശൈവപഥത്തില് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: