ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ആറാട്ട് ദിവസമായ ഇന്നലെ ഭഗവാന് രുദ്രതീര്‍ത്ഥത്തിലാറാടി. വൈകിട്ട് നാലിന് ശ്രീലകത്തുനിന്ന് പഞ്ചലോഹവിഗ്രഹം പുറത്തേക്കെഴുന്നെള്ളിച്ച് സ്വര്‍ണപഴുക്കാമണ്ഡപത്തില്‍ വച്ചു.
തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ കീഴ്ശാന്തി കീഴേടം വാസുദേവന്‍ നമ്പൂതിരി ഭഗവാന് ദീപാരാധന നടത്തി. ആറാട്ടു ദിനമായ ഇന്നലെ ദീപാരാധന തൊഴാന്‍ നേരിയ ഭക്തജനതിരക്കനുഭവപ്പെട്ടു. ദീപാരാധനയ്ക്ക് ശേഷം ഗ്രാമപ്രദക്ഷിണത്തിനും ആറാട്ടിനുമായി ഭഗവാന് പുറത്തേക്കെഴുന്നള്ളി.
ഗജകേസരി വലിയകേശവന് ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റി. പാറ്റാനകളായി വലിയ വിഷ്ണു, ദാമോദര്‍ദാസ് തുടങ്ങിയവര്‍ ഇടം, വലം അണിനിരന്നു. വാളും, പരിചയുമേന്തിയ കൃഷ്ണനാട്ടം കലാകാരന്മാരും അകമ്പടിയായി.പഞ്ചവാദ്യത്തിന് പറയ്ക്കാട് തങ്കപ്പന് മാരാരും മേളത്തിന് പെരുവനം കുട്ടന്മാരാരും നേതൃത്വം നല്കി. എഴുന്നള്ളത്ത് പ്രദക്ഷിണത്തിന് ശേഷം ഭഗവതി ക്ഷേത്രത്തിലൂടെ ഭഗവാന് ആറാട്ട് കടവിലെത്തി.
തന്ത്രിയുടെ നേതൃത്വത്തില്‍ ആറാട്ട് പൂര്‍ത്തിയാക്കി. ആറാട്ടിന് ശേഷം ഭഗവാന് ആനപ്പുറത്തേറി 11 ഓട്ടപ്രദക്ഷിണം നടത്തി. തുടര്‍ന്ന് കൊടിമരച്ചുവട്ടിലെ പൂജകള്‍ക്ക് ശേഷം തന്ത്രി സ്വര്‍ണധ്വജത്തില്‍ നിന്ന് സപ്തവര്ണ്ണകൊടിയിറക്കി. ഇതോടെ 10 ദിവസം നീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: