ഇടുക്കി: ശക്തമെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും കൊറോണ പ്രതിരോധത്തിന്റെ വലയ്ക്കു ബലം പോരെന്നതിന് മുന്നറിയിപ്പായി ഇടുക്കിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു.
ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിക്ക് ശനിയാഴ്ച രാത്രി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും നിരീക്ഷണം ഭേദിച്ച് ഇയാള്‍ നെടുമ്പാശ്ശേരിയില്‍ വന്ന് വിമാനത്തില്‍ കയറി.
മൂന്നാറില്‍ അഞ്ച് ദിവസമായി നിരീക്ഷണത്തിലിരുന്ന, ഇംഗ്ലണ്ടില്‍ നിന്നെത്തിയ വിനോദ സഞ്ചാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോളനി റോഡില്‍ പ്രവര്‍ത്തിക്കുന്ന കെടിഡിസിയുടെ ടീ കൗണ്ടി റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഇംഗ്ലണ്ട് സ്വദേശിയായ 57 കാരനാണ് പരിശോധനയില്‍ കൊറോണയെന്ന് തെളിഞ്ഞത്. ശനിയാഴ്ച രാത്രി വൈറസ് ബോധ സ്ഥിരീകരിച്ച് റിപ്പോര്‍ട്ടു കിട്ടിയെങ്കിലും ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിലേക്ക് ഫോണ്‍ ചെയ്ത് ബ്രിട്ടിഷ് ടൂറിസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചത് ഇന്നലെ രാവിലെ. ശനിയാഴ്ച രാത്രി പത്തര മണിയോടെ ഇയാള്‍ ഉള്‍പ്പെടുന്ന സംഘം റിസോര്‍ട്ടില്‍ ബഹളം വച്ച് ബലമായി ബസില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. വിവരമറിഞ്ഞ് ഇടുക്കി കളക്ടര്‍, എറണാകുളം കളക്ടറുമായി ബന്ധപ്പെട്ടു.
വൈറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം 19 അംഗ സംഘമാണുണ്ടായിരുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ ഒന്‍പതു മണിക്കു പുറപ്പെടേണ്ടിയിരുന്ന ദുബായ് എമിറേറ്റ്സ് വിമാനത്തില്‍ ഇവര്‍ കയറിയിരുന്നു. എന്നാല്‍ എറണാകുളം കളക്ടറുടെ നിര്‍ദേശ പ്രകാരം ഇവരടക്കമുള്ള യാത്രക്കാരെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. കൊറോണ ബാധിതനെയും ഭാര്യയെയും കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന പതിനേഴ് പേരെ മൂന്നാറില്‍ ഇവര്‍ താമസിച്ചിരുന്ന കെടിഡിസിയുടെ ടീ കൗണ്ടി റിസോര്‍ട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോയി.
വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ഇവര്‍ വിമാനത്തിലേക്ക് കയറിയത്. ഇതിന് ശേഷമാണ് ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന വിവരം ലഭിക്കുന്നത്. വിമാനത്തിലെ 270 യാത്രക്കാരേയും തിരിച്ചിറക്കി.
എല്ലാവരേയും പരിശോധിച്ചതിന് ശേഷം 19 അംഗ സംഘത്തെ ഒഴിവാക്കി ബാക്കിയുള്ളവരെ കൊണ്ടുപോകാന്‍ വിമാനക്കമ്പനി തയാറാകുകയായിരുന്നു. ഒരു യാത്രക്കാരന് സ്വമേധയ ഒഴിവായി. തുടര്‍ന്ന് 250 പേരുമായി ദുബായ്യിലേക്കുള്ള വിമാനം മൂന്ന് മണിക്കൂറിലേറെ വൈകി 12.40 നാണ് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. നിരീക്ഷണത്തിലുള്ളവര്‍ ഹോട്ടലില്‍ നിന്നും കടന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കളക്ടറോടും ടൂറിസം വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: