മട്ടാഞ്ചേരി: കൊറോണ ഭീതിയില്‍ സംസ്ഥാനത്തെ ഹോം സ്റ്റേ മേഖല പ്രതിസന്ധിയില്‍. സീസണ് കാലത്തെ പ്രതീക്ഷകളെ തളര്‍ത്തി ഇതിനകം 80 ശതമാനത്തോളം ബുക്കിങ്ങുകള്‍ റദ്ദായി. ആദ്യ കണക്കില്‍ 50 കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അനുബന്ധ മേഖലയിലെ തളര്‍ച്ച കൂടി കണക്കാക്കിയാല്‍ നഷ്ടം 100 കോടിയിലെറെ വരുമെന്നാണ് ഹോം സ്റ്റേ ഉടമ അസോസിയേഷന് വൃത്തങ്ങള്‍ ചുണ്ടിക്കാട്ടുന്നത്.
ഏഴ് ജില്ലകളിലായി മുപ്പതോളം കേന്ദ്രങ്ങളിലാണ് ഹോം സ്റ്റേകള്‍ സജീവം. സര്‍ക്കാര്‍ ക്ലാസിഫിക്കേഷനുള്ള എഴുനൂറിന് പുറമേ ആറായിരം ഹോംസ്റ്റേകളാണ് കേരളത്തിലുള്ളത്. മുന്‍ കാലങ്ങളില്‍ വിദേശികളാണ് ഹോംസ്റ്റേകളില്‍ കൂടുതല്‍ താമസിച്ചിരുന്നത്. എന്നാലിന്ന് ആഭ്യന്തര സഞ്ചാരികളും ഹോം സ്റ്റേകളെ സജീവമാക്കുന്നതായി കൊച്ചിയിലെ ഹോം സ്റ്റേ ഉടമ നിക്സണ് പറഞ്ഞു. കൊറോണ ഭീതിയില്‍ ജൂണ്‍ വരെയുള്ള ബുക്കിങ്ങുകള്‍ റദ്ദാക്കിയവയില്‍പ്പെടും.
മൂന്നാര്‍, വാഗമണ്‍, കുമരകം കേന്ദ്രങ്ങളിലെ മെയ് വരെയുള്ള ഇരുപതോളം വിവാഹ ബുക്കിങ്ങുകളും റദ്ദാക്കി. കൊച്ചി, മൂന്നാര്‍, വയനാട്, കോവളം, കുമരകം, ആലപ്പുഴ, കുമളി എന്നിവിടങ്ങളിലെ 80 ശതമാനത്തോളം ബുക്കിങ്ങുകളും റദ്ദായി. ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിങ്ങില്‍ 100 ശതമാനവും റദ്ദായി. ഇപ്പോള്‍ താമസിക്കുന്നവരും കൂടി മടങ്ങുന്നതോടെ ഹോംസ്റ്റേമേഖല പൂര്‍ണ സ്തംഭനത്തിലാകുമെന്നാണ് വിലയിരുത്തല്‍.
രണ്ട് പ്രളയവും, നിപയും, കാലാവസ്ഥാ ഭീഷണികളുമെല്ലാം അതിജീവിച്ച് 2020ലെ പ്രതീക്ഷകള്‍ക്കിടെയാണ് കൊറോണ ഹോം സ്റ്റേ വിപണിക്ക് വന്‍ പ്രഹരമായെത്തിയതെന്ന് കേരള ഹോം സ്റ്റേ ആന്‍ഡ് ടൂറിസം ഡയറക്ടര്‍ പി. ശിവദത്തന്‍ പറഞ്ഞു.
ഇതിനിടെ കൊച്ചിയടക്കം ചില കേന്ദ്രങ്ങളില്‍ പുതിയ സാഹചര്യമുയര്‍ത്തി ഹോം സ്റ്റേകളില്‍ വിദേശികളെ താമസിപ്പിക്കുന്നതില്‍ പ്രതിഷേധങ്ങളുമുയര്ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: