കൊല്ലം: കഴിഞ്ഞ സെന്‍സസ് വിവരശേഖരണത്തിന് രംഗത്തിറങ്ങിയ അധ്യാപകരുടെ ശമ്പളത്തില്‍നിന്ന് ഈ മാസം നിശ്ചിത തുക തിരിച്ചുപിടിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. 45,000 അധ്യാപകര്‍ക്കാണ് പിണറായി സര്‍ക്കാരിന്റെ ഇരുട്ടടി. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തെ ശമ്പളത്തില്‍ നിന്നുതന്നെ പണം ഈടാക്കാനുള്ള നീക്കം അധ്യാപകരില്‍ കടുത്ത അമര്‍ഷം സൃഷ്ടിച്ചു.
വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവധിദിനങ്ങള്‍ പോലും കാര്യമാക്കാതെ 48 ദിവസം വരെ ജോലിയില്‍ മുഴുകിയിരുന്ന അധ്യാപകര്‍ക്ക് രണ്ടു ദിവസത്തിന് ഒരു ദിവസം എന്ന കണക്കിലാണ് വേതനം നിശ്ചയിച്ചത്. ഇതനുസരിച്ച് 24 ദിവസത്തെ വേതനം അധ്യാപകര്‍ക്ക് ലഭിച്ചു. 2010 ഏപ്രില്‍-മെയ് മാസങ്ങളിലാണ് സെന്‍സസ് വിവരശേഖരണം നടത്തിയത്. ഇതിന് നിയോഗിക്കപ്പെട്ട അധ്യാപകര്‍ സെന്‍സസിനൊപ്പം എന്‍പിആര്‍ (ദേശീയ ജനസംഖ്യാ രജിസ്റ്റര്‍) വിവരശേഖരണവും നടത്തി. അവധിക്കാലത്ത് 48 ദിവസം വരെ ജോലി ചെയ്ത അധ്യാപകര്‍ക്ക് 24 ദിവസത്തെ വരെ ലീവ് സറണ്ടര്‍ ആനുകൂല്യവും ലഭിച്ചു.
പിന്നീട് സെന്‍സസ് ജോലി ചെയ്ത അധ്യാപകര്‍ക്ക് പരമാവധി 16 ദിവസത്തെ ഡ്യൂട്ടിയേ അനുവദിക്കാവൂ എന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതുപ്രകാരം അധ്യാപകര്‍ക്ക് എട്ട് ദിവസത്തെ ലീവ് സറണ്ടര്‍ ആനുകൂല്യമേ നല്‍കാനാകൂ എന്നും അധികമായി നല്കിയ ആനുകൂല്യം തിരിച്ചുപിടിക്കണമെന്നും 2013ല്‍ അക്കൗണ്ടന്റ് ജനറല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ അധ്യാപകര്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് അധ്യാപക സംഘടനാ നേതാക്കള്‍ സംയുക്തമായി വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തി, നടപടി നിര്‍ത്തിവയ്പ്പിച്ചു.
ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ പൊടുന്നനെ നിലപാട്മാറ്റി. ഇതിന് ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയും കാരണമാണ്. ഭരണപക്ഷ അനുകൂല സംഘടനകളിലെ അധ്യാപകര്‍ പോലും സാലറി ചലഞ്ചിന്റെ പേരില്‍ പ്രളയാനന്തരം സര്‍ക്കാര്‍ നടത്തിയ അന്യായമായ ധനസമാഹരണം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പോസ്റ്റല്‍ വോട്ടുകളിലുണ്ടായത് വന്‍ചോര്‍ച്ചയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ അധ്യാപകരോടുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് ആനുകൂല്യം തിരിച്ചുപിടിക്കല്‍ വേഗത്തിലാക്കിയതെന്ന വിമര്‍ശനവും ശക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: