മനുഷ്യസ്വരത്തില്‍ സംസാരിക്കുന്ന മത്സ്യം. ഇതൊരു സാധാരണ മത്സ്യമല്ല. ഏതൊക്കെയോ ചില അത്ഭുത ശക്തികള്‍ ഈ മത്സ്യത്തിലൂടെ പ്രവര്‍ത്തിക്കുന്നു. സത്യവ്രതമഹാരാജാവ് നിശ്ചയിച്ചു. ഈ മത്സ്യത്തിന്റെ അത്ഭുത വൃത്തികള്‍ തിരിച്ചറിയുന്നതിനായി മഹാരാജന് നിത്യവും അതിനെ നിരീക്ഷിക്കണമെന്നാഗ്രഹിച്ചു.
‘സാ തു തത്രൈകരാത്രേണ
വര്ധമാനൗ കമണ്ഡലൗ
അലബ്ധാത്മാവകാശം വാ
ഇദമാഹ മഹീപതിം’
ആ മത്സ്യം അനുനിമിഷം വളര്‍ന്നു കൊണ്ടേയിരുന്നു. ഏകരാത്രികൊണ്ടു തന്നെ ശഫരി വളര്‍ന്ന് കമണ്ഡലുവില്‍ ഒതുങ്ങാന്‍ പ്രയാസകരമാം വിധം വലുതായി.അതില്‍ തിങ്ങി നിരങ്ങിക്കൊണ്ട് ആ മത്സ്യം സത്യവ്രതനോട് അപേക്ഷാസ്വരത്തില്‍ പറഞ്ഞു.
‘ഹേ, മഹാരാജന് ഈ കമണ്ഡലുവില്‍ താമസിക്കുക ഏറെ പ്രയാസകരമാണ്. ശരിയായി കിടക്കാന്‍ പോലും സ്ഥലമില്ല. വിസ്തൃതമായൊരു സ്ഥാനം ലഭിച്ചിരുന്നുവെങ്കില്‍ സൗകര്യമായിരുന്നു. അങ്ങ് അതിനുള്ള മാര്‍ഗം കല്പിച്ചു തരാന്‍ കനിവുണ്ടാകണമേ.’
മത്സ്യത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ദീനദയാലുവായ മഹാരാജാവ് അതിനെ ഒരു തൊട്ടിയിലേക്ക് മാറ്റി. എന്നാല്‍ ഒരു മുഹൂര്‍ത്തം(രണ്ടു നാഴിക 48 മിനിറ്റ്) കൊണ്ട് ആ മത്സ്യം മൂന്നുകോല് നീളത്തില്‍ വളര്‍ന്നു കഴിഞ്ഞു. ശഫരി വീണ്ടും മഹാരാജാവിനോട് വിസ്തൃതമായൊരു സ്ഥാനം ആവശ്യപ്പെട്ടു. മഹാത്മന്, ഈ പാത്രം എനിക്ക് മതിയാകുന്നില്ല. ഞാന്‍ അങ്ങയിലാണ് ജീവിത പ്രതീക്ഷകള്‍ പുലര്‍ത്തുന്നത്. അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്ന എനിക്ക് വേണ്ടതായ സുഖസൗകര്യങ്ങള്‍ അങ്ങു തന്നെ ഒരുക്കുമല്ലോ?
ലൗകികസുഖസൗകര്യങ്ങള് ഒരിക്കലും തൃപ്തി വരാത്തതാണെന്ന് മനസ്സിലാക്കിയ മഹാരാജാവ് അടുത്തപടി എന്തെന്ന് ആലോചിച്ച് നിശ്ചയിച്ചു.
‘തത ആദായ സാരാജ്ഞാ
ക്ഷിപ്താ, രാജന്, സരോവരേ
തദാവൃത്യാത്മനാ സോയം
മഹാമീനോന്വവര്ധതഃ’
മഹാരാജാവ് ആ മത്സ്യത്തെ എടുത്ത് വലിയ ഒരു തടാകത്തിലേക്കെത്തിച്ചു. അവിടെ അത് ഒരു മഹാമത്സ്യമായി മാറി. അത് തടാകത്തേക്കാളും വലുതായി. മഹാരാജന് എനിക്ക് ഈ സലിലത്തിലെ ജലം മതിയാകുന്നില്ല. എനിക്ക് വലിയ ജലസ്ഥാനം തന്നെ വേണം.
മത്സ്യത്തിന്റെ ആവശ്യാനുസൃതം മഹാരാജന് പലവട്ടം വിപുലമായ സ്ഥാനങ്ങളിലേക്കു മാറ്റി. മത്സ്യം വീണ്ടും വളര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍, മത്സ്യത്തിനു വാഴാന്‍ മഹാസമുദ്രം തന്നെ വേണമെന്ന് മഹാരാജാവ് നിശ്ചയിച്ചു. അതനുസരിച്ച് ഒരു മഹാസമുദ്രത്തില്‍ ഈ മത്സ്യത്തെ എത്തിച്ചു. തുടര്‍ന്ന് ശഫരിക്കു മുന്നില്‍ മഹാരാജാ സത്യവ്രതന് തൊഴുകൈകളോടെ നിന്നു. ‘അങ്ങ് ആരാണെന്ന് അറിയില്ലെങ്കിലും ഏതോ മഹാദേവത ദേഹരൂപം പൂണ്ടതാണെന്ന് വ്യക്തമാണ്. അടിയനെ അനുഗ്രഹിക്കാനാണോ പരീക്ഷിക്കാനാണോ ഈ വരവെന്ന് അറിയില്ല. അതോ വെറും പരിഹാസമാണോ?’ ഇങ്ങനെയെല്ലാം ചിന്തിച്ചു നില്‍ക്കുമ്പോഴാണ് ആ മത്സ്യം വീണ്ടും പരിഭവമറിയിച്ചത്.
‘അങ്ങ് എന്നെ ഇവിടെ ഉപേക്ഷിച്ചു പോയാല്‍ ഇവിടുത്തെ വലിയ മകരമത്സ്യങ്ങള്‍, സ്രാവുകള്‍ മുതലായവ എന്നെ പിടിച്ചു ഭക്ഷിക്കും. അതിനാല്‍ അങ്ങു തന്നെ എനിക്ക് അഭയം തന്നാലും.’ മത്സ്യത്തിന്റെ ഈ ചോദ്യം കേട്ട,് ‘അഭയം നല്‍കേണ്ടത് അങ്ങു തന്നെയാണ്, അങ്ങാരാണെന്നറിയാതെ ഞങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണ്’ എന്ന് മഹാരാജാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: