കൊച്ചി: ആരോഗ്യ വകുപ്പിന്റെ ചികിത്സ പോരെന്ന് ടി.പി ചന്ദ്രശേഖരന് വധ കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തന്. ഹൈക്കോടതിയിലാണ് അദേഹം പിണറായി സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിനെ പഴിച്ച് രംഗത്തെത്തിയത്. തിരുവനതപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ പോരെന്നും കൂടുതല്‍ ചികിത്സക്കായി പരോള്‍ അനുവദിക്കണമെന്നുമുള്ള കുഞ്ഞനന്തന്റെ വാദം കോടതി അംഗീകരിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.
മൂന്നു മാസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്. 2012ലാണ് പി.കെ. കുഞ്ഞനന്തന് വിചാരണ കോടതി തടവുശിക്ഷ വിധിച്ചത്. തടവുശിക്ഷക്കിടെ ശസ്ത്രക്രിയക്ക് വിധേയനായെന്നും നട്ടെല്ലില്‍ കഴുത്തിനോട് ചേര്‍ന്ന ഭാഗത്തെ ഡിസ്കിനെ തേയ്മാനം ഉണ്ടെന്നും പ്രായം 72 ആയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുഞ്ഞനന്തന് ജാമ്യം അനുവദിക്കുന്നത് കോടതിയില്‍ എതിര്‍ക്കാന്‍ സര്‍ക്കാരും തയാറായില്ല.
നേരത്തെ പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കുഞ്ഞനനന്തന് അസുഖം ഉണ്ടെങ്കില്‍ പരോള്‍ നല്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്, ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തടവുകാരന് ചികിത്സ നല്‍കേണ്ടത് സര്‍ക്കാര്‍ ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് നാല് വര്‍ഷം പിന്നിടുമ്പോള്‍ 389 ദിവസം പുറത്തായിരുന്നുവെന്നാണ് പരോള്‍ രേഖകള്‍ വ്യക്തമാക്കുന്നത്.
സാധാരണ പരോളിന് പുറമെ ജയില്‍ സൂപ്രണ്ടിന് 10 ദിവസവും, ഡിജിപിക്ക് 15 ദിവസവും, സര്‍ക്കാരിന് 45 ദിവസവും അധികമായി അനുവദിക്കാമെന്നും നിയമപ്രകാരമുളള ഈ ഇളവേ കുഞ്ഞനനന്തന് കിട്ടുന്നുള്ളൂവെന്നുമാണ് നേരത്തെ സംഭവത്തില്‍ ജയില്‍വകുപ്പ് നല്കിയ വിശദീകരണം. നേരത്തെ പ്രായാധിക്യം കണക്കിലെടുത്ത് കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്കി വിട്ടയക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കെ.കെ രമയുടെ പരാതിയില്‍ ഗവര്‍ണ്ണര്‍ ഇടപെട്ടതോടെ അത് നടക്കാതെ പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: