തിരുവനന്തപുരം: കൊറോണ ഭീതിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ എസി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തെഴിലാളിസംഘടനകള്. ഇതുസംബന്ധിച്ച കത്ത് സംഘടനകള്‍ എംഡിക്ക് അയച്ചു. വൈറസ് എസി ബസുകളില്‍ എളുപ്പത്തില്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ജീവനക്കാര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കത്ത് എംഡിക്കു നല്‍കിയത്. ഇതോടൊപ്പം കെഎസ്ആര്‍ടിസിയുടെ വരുമാനത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
പ്രതിദിനം ഏകദേശം ആറുമുതല്‍ ആറര കോടി രൂപവരെ കളക്ഷന്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അഞ്ചുകോടി രൂപയാണ് കിട്ടുന്നത്. ഒരു കോടിയിലധികം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് പ്രതിദിനം ഉണ്ടാകുന്നത്. ഇതിനു പ്രധാനകാരണം ദീര്‍ഘദൂര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവാണെന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറയുന്നു. ഏറ്റവും വരുമാനമുള്ള തൃശൂര്‍ ഡിപ്പോയില്‍ മാത്രം പ്രതിദിന വരുമാനത്തില്‍ ശരാശരി രണ്ടു ലക്ഷം രൂപയുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. തൃശൂര്‍ ഡിപ്പോയില്‍ ജനുവരിയില്‍ ശരാശരി പ്രതിദിന വരുമാനം 12 ലക്ഷം രൂപയുണ്ടായിരുന്നു. ഫെബ്രുവരിയില്‍ ശരാശരി 11.25 ലക്ഷം രൂപയായി. മാര്‍ച്ച് ഏഴിന് 11.75 ലക്ഷമുണ്ടായിരുന്നത് ബുധനാഴ്ച ഒമ്പതു ലക്ഷമായി കുറഞ്ഞെന്നാണ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: