കൊച്ചി: മുഖാവരണം (മാസ്ക്), ശുചീകരണ വസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 16 കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് (അളവുതൂക്ക വകുപ്പ്) നടപടിയെടുത്തു. 121 വ്യാപാര സ്ഥാപനങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. മെഡിക്കല്‍ സ്റ്റോറുകള്‍ കൂടാതെ സര്‍ജിക്കല്‍ ഷോപ്പുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധനകള്‍ നടത്തി.
പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമം ലംഘിച്ച വില്പനശാലകള്ക്ക് എതിരെയാണ് നടപടി. പരിശോധന തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കണ്ട്രോളര് ജെ.സി. ജീസണ്‍ അറിയിച്ചു. മിന്നല്‍ പരിശോധനക്ക് ജില്ലയില്‍ ബി.എസ്. ജയകുമാര്‍ നേതൃത്വം നല്കി. തൃശൂര്‍ ജില്ലയില്‍ സേവ്യര്‍ പി. ഇഗ്നേഷ്യസ്, പാലക്കാട് ജില്ലയില്‍ അനൂപ്.വി.ഉമേഷ്, ഇടുക്കി ജില്ലയില്‍ ഇ.പി.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി മുന്‍ കരുതല്‍ എന്ന നിലയ്ക്ക് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ബയോ മെട്രിക് ഉപകരണം ഉപയോഗിച്ച് നല്കുന്ന സേവനങ്ങള്‍ എറണാകുളം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ താത്കാലികമായി നിര്‍ത്തി.
പൊതുജനങ്ങള്‍ കൂട്ടംകൂടി നില്ക്കുന്ന സാഹചര്യം അക്ഷയ കേന്ദ്രങ്ങളില്‍ ഒഴിവാക്കുന്നതിനും ക്യാമ്പുകള്‍ താത്കാലിമായി നിര്‍ത്തി വയ്ക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: