യോഗവാസിഷ്ഠം
ശാങ്കരവേദാന്തം, ബൗദ്ധവിജ്ഞാനവാദം എന്നിവയോടു സാദൃശ്യമുള്ള ഒരു തത്വചിന്തയാണ് യോഗവാസിഷ്ഠത്തില്‍ കാണുന്നത്. ബൗദ്ധആശയവാദത്തെ വൈദികമാതൃയിലുള്‍പ്പെടുത്താനുള്ള പ്രവണത ഇതിലും കാണാം. ഗൗഡപാദര്‍, ശങ്കരാചാര്യര്‍ എന്നിവരുടെ സമകാലീനനോ (800 C E) അവരുടെ കാലത്തിന് ശേഷം ഒരു ശതകത്തിനുള്ളില്‍ ജീവിച്ച ആളോ ആകാം ഈ ഗ്രന്ഥകര്‍ത്താവ് എന്നു ദാസ്ഗുപ്ത അനുമാനിക്കുന്നു. ഇരുപത്തിമൂവായിരത്തി എഴുനൂറ്റിമുപ്പത്തിനാല് ശ്ളോകങ്ങളടങ്ങിയ ഈ ഗ്രന്ഥത്തിന് വൈരാഗ്യം, മുമുക്ഷുവ്യവഹാരം, ഉല്‍പ്പത്തി, സ്ഥിതി, ഉപശമം, നിര്‍വാണം എന്നിങ്ങനെ ആറു പ്രകരണങ്ങളാണ് ഉള്ളത്. ആര്ഷരാമായണം, ജ്ഞാനവാസിഷ്ഠം, മഹാരാമായണം, വാസിഷ്ഠരാമായണം, വാസിഷ്ഠം എന്നെല്ലാം ഇതിനു പേരുകള്‍ ഉണ്ട്. നിരവധി വ്യാഖ്യാനങ്ങള്‍ ഇതിനുണ്ടായിട്ടുണ്ട്. ആനന്ദബോധേന്ദ്രന്റെ താല്പ്പര്യപ്രകാശം എന്ന വ്യാഖ്യാനത്തെ ദാസ്ഗുപ്ത എടുത്തു പറയുന്നു. കഥയ്ക്കുള്ളില്‍ കഥ എന്ന തരത്തിലാണ് ഇതിന്റെ തുടക്കം. വസിഷ്ഠരാമസംവാദമായിട്ടാണ് വിഷയാവതരണം. എല്ലാതരം ബന്ധങ്ങള്‍ക്കും കാരണമായ ഈ ദൃശ്യപ്രപഞ്ചം അയഥാര്‍ത്ഥമാണ്. സ്വപ്നങ്ങള്‍ സുഷുപ്തിയിലെന്ന പോലെ ഓരോ പ്രളയത്തിലും ഈ പ്രപഞ്ചം നശിക്കുന്നു. അവശേഷിക്കുന്നത് സ്തിമിതഗംഭീരവും അനാഖ്യവും അനഭിവ്യക്തവും ആയ ഏതോ ഒരു സത്തയാണ്. ഈ സത്ത മറ്റൊന്നായി പ്രകടമാകുന്നു. പ്രകടമാകാനുള്ള ഈ കഴിവിലൂടെ അത് ശാന്തമായ സമുദ്രത്തിലെ ഓളങ്ങളെപ്പോലെ സദാ സക്രിയമായ മനസ്സായി പ്രകടമാകുന്നു. സത്യത്തില്‍ പലതായി പ്രകടമാകുന്ന ഈ ലോകം യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതാണ്. ഉണ്മ ആയിരുന്നെങ്കില്‍ അതിന് ഒരുതരത്തിലും നാശം ഉണ്ടാകുകയില്ലല്ലോ. അവ്യക്തവും വിവരണാതീതവുമായ ആത്യന്തികസത്ത നിര്വാണമാത്രമാണ്, പരബോധമാണ്. അതിന് പരിണാമമൊന്നും ഇല്ല. സൃ്ഷ്ടിയുടെ ആദ്യസ്പന്ദനത്തില്‍ സ്വതാ (ego) ഉണ്ടാകുന്നു. ഇത് സത്യത്തില്‍ ആ പാരമാര്‍ത്ഥിക സത്ത തന്നെയാണ്. ക്രമേണ വായുതരംഗങ്ങളെപ്പോലെ സ്പന്ദനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഉണ്ടായി ഈ ലോകദൃശ്യം പൂര്‍ണമാകുന്നു. ആത്യന്തികസത്ത സങ്കല്‍പപുരുഷനാണ്. സങ്കല്പനഗരം പോലെ, ഗന്ധര്‍വപുരി പോലെ മനസ്സിന്റെ ഭാവനയാണ് ഈ ദൃശ്യപ്രപഞ്ചം. ഇതിന് യഥാര്‍ത്ഥത്തില്‍ സത്ത ഇല്ല എന്ന തിരിച്ചറിവിലൂടെയേ ജ്ഞാതാവ് (അറിയുന്ന വ്യക്തി) എന്ന തോന്നല്‍ നമ്മില്‍ നിന്നും മായുകയുള്ളൂ.
അപ്പോഴും ഈ ദൃശ്യപ്രപഞ്ചം തുടരുമെങ്കിലും മുക്തി ലഭിക്കും. എല്ലാ സങ്കല്‍പ്പനങ്ങളുടെയും ഉറവിടമായ മനസ്സും അയഥാര്‍ത്ഥമാണ്. അതുകൊണ്ടു തന്നെ മനസ്സുണ്ടാക്കുന്ന എല്ലാം മരുമരീചികകളാണ്. അവിദ്യാ, സംസൃഷ്ടി, ചിത്തം, മനസ്സ്, ബന്ധം, മലം, തമസ്സ് എന്നിവയെല്ലാം പരസ്പരപര്യായങ്ങളാണ്. ജ്ഞാതാവാണ് ജ്ഞേയമായി തോന്നുന്നത്. ജ്ഞാനമാണ് ജ്ഞാതാവും ജ്ഞേയവുമായി പ്രതിഭാസിക്കുന്നത്. മുക്തി എന്നാല്‍ ഈ ലോകപ്രതീതിയുടെ നാശമാണ്. വാസ്തസത്തില്‍ ഇവിടെ ജ്ഞാതാവോ ജ്ഞേയമോ ജ്ഞാനമോ ഇല്ല. ശൂന്യവുമില്ല, ദ്രവ്യവുമില്ല, ആത്മാവുമില്ല. ഇവിടെ ഉള്ളത് പൂര്‍ണ്ണമായ ശാന്തി (cessation), പൂര്‍ണ്ണമായ ഇല്ലായ്മ (negation) ആണ്. ഇതിനെയാണ് ഇവിടെ ബ്രഹ്മം എന്ന പറയുന്നത്. ഇത് ശാന്തസ്വഭാവമാര്ന്നതാണ്. ഇതിനെയാണ് സാംഖ്യന് പുരുഷന് എന്നും വേദാന്തികള്‍ ബ്രഹ്മമെന്നും ബൗദ്ധവിജ്ഞാനവാദികള്‍ വിജ്ഞാനമാത്രമെന്നും ബൗദ്ധശൂന്യവാദികള് ശൂന്യമെന്നും പറയുന്നത്. ബ്രമാത്മകമായ ഈ പ്രപഞ്ചം മരുമരീചികയെപ്പോലെ, വന്ധ്യാപുത്രനെപ്പോലെ തികച്ചും അയഥാര്‍ത്ഥമാണ്. ആത്യന്തികസത്തയാകട്ടെ സ്പന്ദാസ്പന്ദാത്മകമാണ്, അവ്യപദേശ്യമാണ്, ഭാവമോ ഭവിക്കലോ അല്ല അത്. ബൗദ്ധമാര്‍ഗത്തിലെ ലങ്കാവതാരസൂത്രത്തിലെ ആശയവുമായി ഈ വിവരണത്തിന് സ്പഷ്ടമായ സാദൃശ്യം കാണാം. പ്രകാശാനന്ദന്‍ പില്ക്കാലത്തു വിവരിക്കുന്നതും ഗൗഡപാദരും മണ്ഡനനും തുടങ്ങിവെച്ചതുമായ വേദാന്തത്തിലെ ദൃഷ്ടിസൃഷ്ടിവാദവുമായും ഇതിനു സാദൃശ്യം കാണാം. പ്രകാശാത്മന്‍ യോഗവാസിഷ്ഠത്തെ തന്റെ മുഖ്യപ്രമാണങ്ങളിലൊന്നായി പ്രസ്താവിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: