ഉദുമ: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങള്‍ സജീവമായതോടെ കോഴിക്ക് വന്‍ വിലയിടിവ്. 35-50 രൂപ നിരക്കിലാണ് ഇപ്പോള്‍ കോഴി വില്പന നടക്കുന്നത്. കോഴി കര്‍ഷകരെയാണ് ഇത് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോഴിക്കോട് കൊടിയത്തൂരില്‍ നാടന്‍ കോഴി വളര്‍ത്തു കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് 80നും അതിനു മുകളിലും വിലയുണ്ടായിരുന്ന കോഴിക്ക് 50 രൂപയിലും താഴെ വിലയിടിഞ്ഞത്. ഇതോടെ വ്യാജപ്രചരണവും സജീവമായി.
ഒരു തരത്തിലും കോഴി വാങ്ങിക്കഴിക്കരുതെന്നും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്നും എവിടെയോ ഉള്ള ചില ഫോട്ടോ സഹിതമാണ് വ്യാജ പ്രചരണം നടക്കുന്നത്. കോഴിക്കും കൊറോണ ബാധിച്ചുവെന്ന തരത്തിലുള്ള പ്രചരണവും നടക്കുന്നുണ്ട്. 70-75 രൂപ ഫാമില്‍ തന്നെ മുടക്കുമുതല്‍ വരുന്ന കോഴിയാണ് വലിയ നഷ്ടത്തില്‍ കര്ഷകന് ഇപ്പോള്‍ വിറ്റഴിക്കേണ്ടിവരുന്നത്.
കൊറോണ ഭീതിയുണ്ടായതോടെ കയറ്റുമതി നിലച്ചതും കോഴി വില ഇടിയാന്‍ കാരണമായി. ചൂട് കൂടിയതിനാല്‍ വെള്ളത്തിന്റെ അഭാവംമൂലം ഫാമിലെ കോഴികളെ കര്‍ഷകര്‍ കൂട്ടത്തോടെ വില്ക്കാന് തുടങ്ങിയതും വിലയിടിവിന് കാരണമായി. ചില കടകള്‍ കിലോയ്ക്ക് 35 രൂപയ്ക്ക് വരെ കോഴി നല്‍കുന്നുണ്ട്. കടയുടെ പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനും ചില കടകള്‍ കോഴി വില കുറച്ചുനല്കുന്നുണ്ട്.
വില കുറച്ചുനല്കുന്നതുമൂലം കോഴി കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് കടയുടമകളും പറയുന്നു. കോഴിത്തീറ്റയ്ക്കും മറ്റും വില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോഴി ഫാം നടത്തിക്കൊണ്ടുപോവുക ഏറെ പ്രയാസകരമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്വയംതൊഴില്‍ എന്ന നിലയില്‍ നിരവധി പേര് കോഴി ഫാം നടത്തുന്നുണ്ട്. അതേസമയം കോഴിക്ക് വില കുറഞ്ഞതോടെ വില്പന കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. പക്ഷിപ്പനിയെന്ന ഭീതി തങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന് ഉപഭോക്താക്കളും പറയുന്നു.
നാട്ടിലെ ഫാമില്‍ നിന്നും തികയാതെ വന്നാല്‍ മാത്രമേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കോഴികള്‍ കൊണ്ടുവരുന്നുള്ളൂ. എല്ലാ വര്‍ഷവും കോഴി വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും ചെറിയ വിലയ്ക്ക് കോഴി ലഭിക്കുന്നത് ഇതാദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: