ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും പ്രായമുള്ള പാര്‍ട്ടിയുടെ ആധുനിക മുഖം. ഹാര്‍വാര്‍ഡിലും സ്റ്റാന്‍ഫോര്‍ഡിലും വിദ്യാഭ്യാസം. അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ ജീവിതം. താഴെത്തട്ടിലുള്ള നേതാക്കളും പ്രവര്‍ത്തകരുമായുള്ള ബന്ധം. പാര്‍ലമെന്റിലും പുറത്തും എതിരാളികള്‍ക്കെതിരെ പാര്‍ട്ടിയുടെ ശബ്ദം. ഇതെല്ലാമാണ് മഹാരാജാവെന്ന് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ പോലും അഭിസംബോധ ചെയ്യുന്ന ജ്യോതിരാദിത്യ സിന്ധ്യയെന്ന ഗ്വാളിയോര്‍ രാജകുടുംബാംഗം.
പാര്‍ട്ടി ഏതാണെങ്കിലും ആറ് പതിറ്റാണ്ടായി മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ് സിന്ധ്യ കുടുംബം. സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ടാണ് ബിജെപിയിലേക്ക് സിന്ധ്യയെത്തുന്നത്. മുതിര്‍ന്ന നേതാവായ കമല്‍നാഥിനും ദിഗ് വിജയ് സിങ്ങിനും കീഴിലാണ് കോണ്‍ഗ്രസ്. സിന്ധ്യയുടെ രാജിയോടെ ഭാവിയില്‍ പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനായ നേതാവിനെയാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.
ശിവരാജ് സിംഗ് ചൗഹാന്, നരേന്ദ്ര സിംഗ് തോമര്‍, കൈലാഷ് വിജയവര്‍ഗ്ഗിയ തുടങ്ങിയ മുന്‍നിര നേതാക്കള്‍ സംസ്ഥാനത്ത് ബിജെപിക്കുണ്ട്. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച മധ്യപ്രദേശില്‍ സംഘടനാ സംവിധാനവും ശക്തമാണ്. എന്നാല്‍ ബിജെപി
യുടെ യുവനിരയും അത്രത്തോളം ശക്തരല്ല. ഭാവിയാണ് അവരും ഉറ്റുനോക്കിയത്. ഏറ്റവും ജനകീയനായ യുവനേതാവെന്നാണ് സിന്ധ്യക്ക് ബിജെപി നല്കുന്ന വിശേഷണം. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയാണ് ഗ്വാളിയോര്‍ രാജകുടുംബത്തിന്റെ ശക്തികേന്ദ്രം. 230 അംഗ നിയമസഭയില്‍ 34 സീറ്റ് ഈ മേഖലയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിന്ധ്യയുടെ നേതൃത്വത്തില്‍ 75 ശതമാനം സീറ്റുകളും ഇവിടെ കോണ്‍ഗ്രസ് നേടി. ബിജെപിയുടെ സീറ്റ് 18ല്‍നിന്ന് ഏഴായി കുറഞ്ഞു.
സിന്ധ്യയുടെ രാജിയുടെ പ്രതിഫലനം എന്താകുമെന്ന ആശങ്ക കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ കൂടുതല്‍ പേര് സിന്ധ്യയുടെ വഴി തെരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടിയുടെ ഭയം. മാസങ്ങളായി തര്‍ക്കം തുടരുന്ന കര്‍ണാടകയില്‍ ഡി.കെ. ശിവകുമാറിനെ ഇന്നലെ തിരക്കിട്ട് അധ്യക്ഷനായി പ്രഖ്യാപിച്ചത് ഇതിലേക്ക് വിരല്‍ചൂണ്ടുന്നു.
2014ന് ശേഷം അരഡസനോളം മുന്‍ കേന്ദ്ര മന്ത്രിമാരും മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും നാല് മുന്‍ അധ്യക്ഷന്മാരുമാണ് കോണ്‍ഗ്രസ് വിട്ടത്. ചെറിയ വ്യത്യാസത്തിനാണ് കഴിഞ്ഞ തവണ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത്. തുടക്കത്തില്‍ത്തന്നെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ കാത്തിരിക്കാനായിരുന്നു കേന്ദ്ര നിര്‍ദ്ദേശം.
അതിന് ഫലവുമുണ്ടായി. സ്വാഭാവികമായി കോണ്‍ഗ്രസ് തകര്‍ന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന ബിജെപി നേതൃത്വത്തിന് സിന്ധ്യ കോണ്‍ഗ്രസ് വിടുമെന്ന് ഉറപ്പുണ്ടായിരുന്നു.
എന്നാല്‍ ബിജെപിയിലെത്തുമോ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോയെന്ന സംശയത്തിലായിരുന്നു നേതാക്കള്‍. 1996ല്‍ പിതാവ് മാധവറാവു സിന്ധ്യ കോണ്‍ഗ്രസ് വിട്ട് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് തിരിച്ചെത്തി. അമിത് ഷായും ധര്‍മ്മേന്ദ്ര പ്രധാനുമാണ് സിന്ധ്യയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: