തിരുവനന്തപുരം: മലയാളത്തിലെ രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് രണ്ട് ദിവസത്തേക്ക് പ്രക്ഷേപണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിലക്കിനുപിന്നില്‍ കേരള ബിജെപിയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളി തകര്‍ത്തു എന്ന വ്യാജവാര്‍ത്ത നല്കി മത ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് രണ്ടു വാര്‍ത്താ വാര്‍ത്താ ചാനലുകള്‍ക്കെതിരെ നടപടിയുണ്ടായത്. പ്രക്ഷേപണം നിര്‍ത്തിവച്ചതോ പുനരാരംഭിച്ചതോ രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടല്ല. ഇതിന് പിന്നില്‍ കേരളാ ബിജെപിയില്‍ നിന്നും ഒരു ശ്രമവുമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ മതങ്ങളൈയോ ജനങ്ങളേയോ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തരുത്.
മാധ്യമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെയും സമൂഹത്തെയും കണ്ണുതുറന്ന് നിരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതുപോലെ തന്നെ മാധ്യമങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ട്. അവരുടെ ചെയ്തികള്‍ നിരീക്ഷിക്കാന്‍ സമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും കണ്ണുതുറന്നുതന്നെയിരിക്കുകയാണ്. ബിജെപിയും മാധ്യമങ്ങളെ നിരീക്ഷിക്കുന്നുണ്ട്. മര്യദ, സദാചാരം എന്നിവ മാധ്യമങ്ങളും പാലിക്കണം. കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ കേരളത്തിലെ ഒരു മാധ്യമ സ്ഥാപനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തി. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പ്രതികരിക്കേണ്ടേ.? ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളാണ് ചെയ്തിരുന്നതെങ്കില്‍ ഇപ്പോഴുള്ള നിലപാടായിരിക്കില്ല മാധ്യമങ്ങള്‍ സ്വീകരിക്കുക. മാധ്യമങ്ങളെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നു എന്നു പറഞ്ഞ് പത്രക്കാര് സമരത്തിനിറങ്ങുമായിരുന്നു. ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് വ്യക്തമായ ധാരണ ഞങ്ങള്‍ക്കുമുണ്ട്.
ബിജെപിക്കെതിരെ ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് സുരേന്ദ്രന് പറഞ്ഞു. താന്‍ പ്രസിഡന്റായ ശേഷം പല മാധ്യമങ്ങളും വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ നല്കി. ചില ഭാരവാഹികള്‍ തന്നോട് സഹകരിക്കില്ലെന്നും മറ്റുമാണ് അവര്‍ പ്രചരിപ്പിച്ചത്. ഇപ്പോള്‍ അതെല്ലാം അവാസ്ഥവമായ വാര്‍ത്തകളായിരുന്നു എന്ന് തെളിഞ്ഞു. ഇത്തരം കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മാധ്യമ ധര്‍മ്മമല്ല. ആദ്യ ഭാരവാഹി യോഗത്തില്‍ 99.9 ശതമാനം പേരും പങ്കെടുത്തെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: