ന്യൂദല്‍ഹി: ലോക വനിതാദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് നാരീശക്തി പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ തൊണ്ണൂറ്റിയെട്ടാം വയസ്സില്‍ കാര്‍ത്ത്യായനിയമ്മ അഭിമാനമായത് മുഴുവന്‍ മലയാളികള്‍ക്കും. പഠനത്തിന് പ്രായാധിക്യവും പ്രാരാബ്ധവും തടസ്സമല്ലെന്ന് തെളിയിച്ചുള്ള നാലാം ക്ലാസ് തുല്യതാ പരീക്ഷയിലെ റാങ്കോടു കൂടിയ വിജയമാണ് കാര്‍ത്ത്യായനിയമ്മയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
രണ്ടു ലക്ഷം രൂപയും സാക്ഷ്യപത്രങ്ങളുമടങ്ങുന്നതാണ് പുരസ്കാരം. രാഷ്ട്രപതിയുടെ പത്നി സവിത കോവിന്ദ്, കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, സ്മൃതി ഇറാനി എന്നിവരുടെ സാന്നിധ്യത്തിലാണ് കാര്‍ത്ത്യായനിയമ്മ പുരസ്കാരം ഏറ്റുവാങ്ങിയത്.
കേരളത്തില്‍ നിന്ന് 105-ാം വയസ്സില്‍ നാലാംതരം തുല്യതാപരീക്ഷ പാസായ ഭാഗീരഥിയമ്മയെയും നാരീശക്തി പുരസ്കാരം നല്കി ആദരിക്കാന്‍ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, ആരോഗ്യപരമായ അസൗകര്യങ്ങളെ തുടര്‍ന്ന് ഭാഗീരഥിയമ്മയ്ക്ക് പുരസ്കാരം ഏറ്റുവാങ്ങാന്‍ ന്യൂദല്ഹിയിലെത്താനായില്ല.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 15 വനിതകള്‍ക്കാണ് രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്തത്. 103 വയസ്സുള്ള വനിതാ അത്ലറ്റ് മന് കൗര്‍, രാജ്യത്തെ ആദ്യ യുദ്ധവിമാന വനിതാ പൈലറ്റുമാരായ മോഹന ജിതര്‍വാള്‍, അവനി ചതുര്‍വേദി, ഭാവന കാന്ത് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. പാദല ഭൂദേവി, ബീന ദേവി, ആരിഫ ജാന്‍, ചാമി മുര്‍മു, നില്‍സ വാങ്ക്മു, രശ്മി ഉദ്വര്ദേഷ്, കലാവതി ദേവി, താഷി മാലിക്, നുങ്ഷി മാലിക്, കൗഷികി ചക്രവര്‍ത്തി എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങിയ മറ്റു വനിതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: