തിരുവനന്തപുരം: ജന്‍ ഔഷധി നടപ്പിലാക്കിയതോടെ സാധാരണക്കാരന്റെ ചികിത്സാ ചെലവില്‍ 2200 കോടി രൂപ ലാഭിക്കാനായി എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ജന്‍ ഔഷധി ദിനത്തില്‍ ജന്‍ ഔഷധിയുടെ മണക്കാട് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ചികിത്സാ ചെലവില്‍ 80 ശതമാനം മരുന്നിന് വേണ്ടിയാണ് മാറ്റിവയ്ക്കുന്നത്. ഈ ചെലവ് കുറച്ച് സാധാരണക്കാരന്റെ ജീവിതം സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ജന്‍ ഔഷധി പരിയോജന ആരംഭിക്കുന്നത്. പൊതുവിപണിയെ അപേക്ഷിച്ച് അമ്പത് മുതല്‍ 90 ശതമാനം വരെ വിലക്കുറവിലാണ് ജന്‍ ഔഷധി വഴി ലഭിക്കുന്നത്. ഇതോടെ മരുന്ന് ചെലവിന്റെ 80 ശതമാനം വരെ കുറയ്ക്കാനായി. രാജ്യത്തെ 700 ജില്ലകളിലായി 6700 ജന്‍ ഔഷധി സ്റ്റോറുകള്‍ ആരംഭിച്ചു. കേരളത്തില്‍ 533 സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒമ്പതെണ്ണം കൂടി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം സുരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതി ആയി മാറിക്കഴിഞ്ഞു. രോഗികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജന, രണ്ട് കോടി വീടുകള്‍ നല്കുന്ന പ്രധാനമന്ത്രി ആവാസ് യോജന, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന പദ്ധതി, പാചകവാതകം നല്കുന്ന ഉജ്ജല്‍ യോജന, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുന്ന ഉജാല പദ്ധതി, 2024 ഓടെ എല്ലാ വീടുകളിലും പൈപ്പ് ലൈന്‍ വഴി ശുദ്ധജലം എത്തിക്കുന്ന പദ്ധതി, യുവജനങ്ങള്‍ക്ക് തൊഴിലിനായി ആരംഭിച്ച ഡിജിറ്റല്‍ ഇന്ത്യ, മേക്കിംഗ് ഇന്ത്യ അടക്കമുള്ള പദ്ധതികള്‍ സാധാരണക്കാരന്റെ ജീവിതം ആയാസരഹിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഏഴ് ദിവസമായി നടന്ന് വരുന്ന ജന്‍ ഔഷധി വാരാചരണത്തിന്റെ സമാപന ദിനത്തില്‍ പ്രധാനമന്ത്രി ദൂരദര്ശന് വഴി നല്കിയ തല്‍സമയ സന്ദേശവും അദ്ദേഹം പ്രവര്‍ത്തകര്‍ക്കൊപ്പം വീക്ഷിച്ചു. തിരുവനന്തപുരം നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിമി ജ്യോതിഷ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി.വി. രാജേഷ്, മണ്ഡലം പ്രസിഡന്റ് എസ്.കെ.പി. രമേശ്, അഡ്വ. എസ്.സുരേഷ്, ജന്‍ ഔഷധി മണക്കാട് ഫ്രാഞ്ചെസി വിനയന്, ജന്‍ ഔഷധിക്കായി മരുന്ന് വിതരണം ചെയ്യുന്ന ബിപിപിഐ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്ദീപ് സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: