പണ്ട് അശ്വപതി എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം ഭക്തനും ധര്‍മിഷ്ഠനുമായിരുന്നു. അദ്ദേഹത്തിന് സന്തതികളുണ്ടായിരുന്നില്ല. വയസ്സായതോടു കൂടി അദ്ദേഹം വളരെ ദുഃഖിതനായി ഭവിച്ചു. ആഹാരം കുറച്ചു. വ്രതങ്ങള്‍ അനുഷ്ഠിച്ചു. സാവിത്രീ ദേവിയെ പൂജിച്ചും എല്ലാ ദേവന്മാരോടും പ്രാര്‍ഥിച്ചും പതിനെട്ടു വര്‍ഷം തുടരെക്കഴിഞ്ഞു. ഒരു നാള് സാവിത്രീദേവി പ്രീതയായി പ്രത്യക്ഷപ്പെട്ടു. ‘നിനക്ക് ഏറെത്താമസിയാതെ വളരെ തേജസ്വിയായ ഒരു പുത്രി ജനിക്കും.’ എന്ന വരം കൊടുത്തു മറഞ്ഞു.
അങ്ങനെ ഒരു പുത്രി ജനിക്കുകയും ദേവിയുടെ വരദാന ഫലമായതിനാല്‍ ദേവിയുടെ പേരായ സാവിത്രി എന്ന നാമം തന്നെ കുട്ടിക്ക് നല്‍കുകയും ചെയ്തു. ദേവിയെപ്പോലെ തന്നെ അതിമനോഹരിയായ ഒരു യുവതിയായി വളര്‍ന്ന കുട്ടിയെക്കാണുന്ന ജനങ്ങളെല്ലാം ഇത് ദേവി തന്നെയോ എന്ന് സംശയിച്ചിരുന്നു. അത്ര തേജസ്വിനിയായിരുന്നതിനാല് തനിക്ക് കല്യാണം കഴിച്ചു തരുമോ എന്ന് ആവശ്യപ്പെടുവാന്‍ പുരുഷന്മാര്ക്കാര്ക്കും ധൈര്യമുണ്ടായിരുന്നില്ല. ഒരുനാള്‍ പിതാവ് പുത്രിയോടു പറഞ്ഞു;
‘നോക്കൂ നിനക്ക് കല്യാണപ്രായമായിട്ടും നിന്നെ കല്യാണം കഴിക്കാന്‍ ധൈര്യപ്പെട്ട് ആരും മുന്നോട്ടു വരുന്നില്ല. അതിനാല്‍ നീ തന്നെ നിനക്ക് മനസ്സിനിണങ്ങിയ ഒരു വരനെ സ്വീകരിച്ചുകൊള്ളൂ. നീ ആരെയാണോ ഇഷ്ടപ്പെടുന്നത് അയാള്‍ക്ക് എന്റെ ആശീര്‍വാദങ്ങള്‍ ഞാന്‍ നല്‍കുന്നതാണ്.’
പിതാവിന്റെ വാക്കുകളെ ആദരിച്ച് വിനയാന്വിതയായ കുമാരി, പിതാവിന്റെ വയസ്സായ മന്ത്രിമാരോടൊത്ത് സുവര്‍ണ തേരില്‍ കയറി രാജര്‍ഷിമാര്‍ താസിക്കുന്ന സ്ഥലത്തേക്കു യാത്ര തിരിച്ചു. കുറേനാള്‍ കഴിഞ്ഞു. കുമാരി മടങ്ങി പിതൃസന്നിധിയിലെത്തി. അപ്പോള്‍ പിതാവ് നാരദമഹര്ഷിയോടൊപ്പം ഇരിക്കുകയായിരുന്നു. കുമാരി ഇരുവരേയും വന്ദിച്ചു നിന്നപ്പോള്‍ നാരദന് രാജാവിനോട് ചോദിച്ചു.’അങ്ങയുടെ മകള്‍ എവിടേക്കാണ് പോയിരുന്നത്? എന്താണ് ഇതുവരേയും ഇവളെ കല്യാണം കഴിച്ചു കൊടുക്കാത്ത്?’എന്ന്. അതിനു രാജാവ് മറുപടി പറഞ്ഞു. ‘ആ കാര്യത്തിന് വേണ്ടിത്തന്നെയാണ് ഇവള് പോയിരുന്നത്. ആരെയാണ് ഭര്‍ത്താവാകാന്‍ യോഗ്യനായി അവള് കണ്ടെത്തിയത് എന്നകാര്യം അവളില്‍ നിന്നു തന്നെ നമുക്ക് ഇപ്പോള്‍ ഗ്രഹിക്കാം’.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: