ഭക്ഷണത്തിന്റെ ദഹിക്കാത്ത അവശിഷ്ടമാണ് അമേധ്യവും മൂത്രവും. രസശിഷ്ടം കഫവും മാംസശിഷ്ടം പിത്തവും മേദസ്സിന്റെ (ളമ)േശിഷ്ടം വിയര്‍പ്പുമായി മാറുന്നു. ഇവയെല്ലാം മലങ്ങള്‍ തന്നെ. ഈ മലങ്ങളില്‍ വാതപിത്തകഫങ്ങള് അവയുടെ അളവിന്റെയും പ്രവൃത്തിയുടെയും സാമ്യവസ്ഥയാല്‍ ശാരീരികകര്മ്മങ്ങളെ വേണ്ടവിധം നടത്തുന്നു അതിനാല്‍ അവയ്ക്കു പ്രാധാന്യം കൂടുതലുണ്ട്. വാതം, പിത്തം, കഫം, രസരക്താദി ഏഴെണ്ണം, മറ്റു മലങ്ങള്‍ എന്നീ മൂന്നു വിഭാഗങ്ങളേയും ധാതുക്കള്‍ എന്നുവിളിക്കുന്നു. ഈ ധാതുക്കളെ പ്രസാദധാതുക്കള്, മലധാതുക്കള് എന്നു രണ്ടായി തരം തിരിച്ചിരിക്കുന്നു. ശരീരത്തിന്റെ അരോഗാവസ്ഥയെ നിലനിര്‍ത്തുന്നവ പ്രസാദധാതുക്കളും രോഗാവസ്ഥ ഉണ്ടാക്കുന്നവ മലധാതുക്കളുമാണ്. ഈ രണ്ടു വിഭാഗങ്ങളുടെയും, അതായത് പ്രസാദമലധാതുക്കളുടെ അളവും കൂട്ടായ്മയും ആണ് ചരകമതത്തില് ആരോഗ്യത്തിനു നിദാനം. സുശ്രുതമതത്തില് ചില വ്യത്യസ്തസമീപനങ്ങള്‍ കാണാം. ദോഷം, ധാതു, മലം എന്നിങ്ങനെ മൂന്നായിട്ടാണ് വാഗ്ഭടന് അഷ്ടാംഗഹൃദയത്തില്‍ ഇവയെ എല്ലാം തരം തിരിക്കുന്നത്. ഇവയുടെയെല്ലാം പ്രവൃത്തികളെ ചരകനും സുശ്രുതനും മറ്റും വിശദമായി പറയുന്നുമുണ്ട്. ഇവ മൂന്നിന്റെയും സമാവസ്ഥയാണ് ആരോഗ്യം. വൃദ്ധവാഗ്ഭടനാകട്ടെ വാതപിത്തകഫങ്ങളെ ദോഷങ്ങള്‍ എന്നും സപ്തധാതുക്കളെ ദൂഷ്യങ്ങള്‍ എന്നും തരംതിരിക്കുന്നു. ധാതുക്കളുടെമലങ്ങള് രോഗകാരണമാണെന്ന കല്പനയെ നിഷേധിക്കുകയും ചെയ്യുന്നു. ശരീരം ദോഷധാതുമലസമുദായമാണെന്ന് അഷ്ടാംഗസംഗ്രഹവ്യാഖ്യാതാവായ ഇന്ദുപ്രസ്താവിക്കുന്നു. വൃദ്ധവാഗ്ഭടമതമനുസരിച്ച് ധാതുവൈഷമ്യമല്ല മറിച്ച് ദോഷവൈഷമ്യമാണ് രോഗം. ദോഷസാമ്യം അരോഗതയും. വാഗ്ഭടാചാര്യര്‍ പൊതുവേ ചരക,സുശ്രുതമതങ്ങള് തമ്മിലുള്ള അഭിപ്രായഭേദങ്ങളെ സമന്വയിപ്പിക്കാനാണ് പലേടത്തും ശ്രമിച്ചു കാണുന്നത്. സുശ്രുതസംഹിതയുടെ വ്യഖ്യാതാവായ ദല്‍ഹണന്‍ ഉത്തരതന്ത്രഭാഗത്ത്് വായു ത്രിഗുണങ്ങളിലെ (സാംഖ്യസിദ്ധാന്തം) രജസ്സും പിത്തം സത്വഗുണമായും കഫം തമോഗുണമായും പറഞ്ഞിരിക്കുന്നു. എന്നാല്‍ സുശ്രുതന് സൂത്രസ്ഥാനത്ത് ഇങ്ങിനെ പറഞ്ഞു കാണുന്നില്ല. സൂത്രസ്ഥാനത്ത് അദ്ദേഹം കഫപിത്തവായുക്കളെ സോമ, സൂര്യ, അഗ്നികളായിട്ടാണ് പറയുന്നത്. പഞ്ചഭൂതങ്ങളിലെ വായു, അഗ്നി, ജലം എന്നിവയെ ഭൗതികലോകത്തിന്റെ നിലനില്‍പ്പുമായി ബന്ധിപ്പിക്കുന്ന ചിന്താപ്രക്രിയ വേദോപനിഷത്തുകളില്‍ കാണാം. ഈ ചിന്തയുടെ തുടര്‍ച്ചയാകാം വാതപിത്തകഫകല്പ്പനയിലേക്കു നയിച്ചത് എന്നു ദാസ്ഗുപ്ത അനുമാനിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വൈദ്യശാസ്ത്രചിന്തകര് ശരീരത്തിന്റെ നിലനില്‍പ്പിനും നാശത്തിനും കാരണമായി ഒന്നോ അതിലധികമോ തത്വങ്ങളെ കല്പ്പിക്കാന് തുനിഞ്ഞു കാണും. അതാകണം വാതപിത്തകഫത്രയത്തെ ധാതുവും ദോഷവുമായി അതായത് പ്രകൃതിയും വികൃതിയുമായി പറയാന്‍ കാരണം. ഓരോ വ്യക്തിയേയും ഈ മൂന്നിലൊന്നിന്റെ ആധിക്യമനുസരിച്ച് മൂന്നുതരം പ്രകൃതികളായി തരം തിരിച്ച് അവരുടെ ശരീരം, മനസ്സ്, ബുദ്ധി തുടങ്ങിയവയിലെ വ്യത്യസ്തതകളെ ആയുര്വേദംവിവരിക്കുന്നുണ്ട്. കാലാവസ്ഥ (ഋതുഭേദം), ദിനരാത്രങ്ങളിലെ വ്യത്യസ്തസമയങ്ങള്, ദേശഭേദം എന്നിവയ്ക്കനുസൃതമായി ശരീരത്തില്‍ ഉണ്ടാകുന്ന ഇവയുടെ ഏറ്റക്കുറച്ചിലുകളേയും ആയുര്വേദാചാര്യന്മാര് വിശദമാക്കുന്നുണ്ട്. ദേഹത്തില്‍ ഇവയുടെ മൂലസ്ഥാനങ്ങളും നിര്‍വചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: