ഇന്ത്യയിലേക്ക് മാത്രമായി ഒരു അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്തത് ഇതാദ്യമായാണ്. സാധാരണയായി ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ പാക്കിസ്ഥാനും ചൈനയും സന്ദര്‍ശിച്ച ശേഷമാണ് തിരികെ പോവുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം ഒരു ബഹുമതിയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതും ഇത്തരമൊരു കാരണം കൊണ്ടാണ്. ഇത്തവണത്തെ ട്രംപിന്റെ യാത്രയ്ക്ക് സവിശേഷതകളേറുന്നതും അതുകൊണ്ടുതന്നെ. അമേരിക്കന്‍ തെരഞ്ഞെടുപ്പ് തന്നെയാണ് മുഖ്യവിഷയം. ട്രംപിനെ പോലെ തന്നെ ഇന്ത്യയ്ക്കും ഈ തെരഞ്ഞെടുപ്പ് പ്രാധാന്യമേറിയതാണ്.
അമ്പത് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വംശജരുടെ വോട്ടിന് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ ഡെമോക്രാറ്റുകളുടെ പരമ്പരാഗത വോട്ട് ബാങ്കായ ഇന്ത്യന്‍ സമൂഹത്തെ മോദി ഫാക്ടറിലൂടെ റിപ്പബ്ലിക്കന്‍ പക്ഷത്തേക്ക് ആകര്‍ഷിക്കാന്‍ ട്രംപ് ശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ താല്പര്യങ്ങള് വോട്ടര്‍മാരിലൂടെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാനും സ്വാധീനം ചെലുത്താനുമാണ് ഇന്ത്യ ശ്രമിക്കുന്നത്. യു.പി.ഐ/സി – വോട്ടര്‍ സര്‍വേ പ്രകാരം 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 57.6 ശതമാനം ഇന്ത്യന്‍ വംശജരും ഹിലരി ക്ലിന്റണ് അനുകൂലമായി വോട്ട് നല്കിയപ്പോള് ട്രംപിന് ലഭിച്ചത് 29.3 ശതമാനം മാത്രമായിരുന്നു. നാഷണല്‍ ഏഷ്യന്‍ അമേരിക്കന്‍ സര്‍വേ പ്രകാരം ഇത് യഥാക്രമം 77 ശതമാനവും 16 ശതമാനവുമായിരുന്നു. ഇപ്പോള്‍ പുറത്തു വരുന്ന സര്‍വേകളിലായി ഇന്ത്യന്‍ വംശജരുടെ പിന്തുണ അമ്പത് ശതമാനത്തിലധികം ട്രംപിന് അനുകൂലമായി വര്‍ദ്ധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ സന്ദര്‍ശനം ട്രംപിന് കൂടുതല്‍ ഗുണകരമാകും.
ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്നത് തന്നെയാണ് ഇന്ത്യന്‍ താല്പര്യങ്ങള്ക്കും നല്ലത്. ഇതുവരെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാരില്‍ നിന്ന് വ്യത്യസ്തനായിട്ടാണ് ഡൊണാള്‍ഡ് ട്രംപ് അറിയപ്പെടുന്നത്. മറ്റ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ തീരുമാനമെടുക്കാന്‍ മടിച്ചിരുന്ന പല വിഷയങ്ങളിലും ട്രംപ് തീരുമാനമെടുക്കുകയും അപ്രതീക്ഷിതമായ പല പ്രഖ്യാപനങ്ങളും നടത്തുകയും ചെയ്യുന്നു. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചതും പലസ്തീന് സമാധാന കരാര്‍ പ്രഖ്യാപനവും ഉത്തര കൊറിയയുമായി ഉണ്ടാക്കിയ കരാര്‍ തുടങ്ങിയ സംഭവങ്ങളും എല്ലാം പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്തുന്ന വളരെ വ്യത്യസ്തനായ പ്രസിഡന്റ് എന്ന ലേബല്‍ ട്രംപിന് നല്‍കിയിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും പരമ്പരാഗതമായി പ്രസിഡന്റുമാര്‍ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പതിവ് രീതി ഒഴിവാക്കി ട്രംപ് തന്റെ വ്യത്യസ്തത വീണ്ടും തെളിയിച്ചു. ഇന്ത്യക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചിട്ടുള്ളത് റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാര്‍ അധികാരത്തില്‍ വന്നപ്പോഴാണെന്നത് കൊണ്ടുതന്നെ ഒരു റിപ്പബ്ലിക്കന്‍ എന്ന നിലയിലും വിവിധ വിഷയങ്ങളില്‍ ട്രംപിനുള്ള ഈ വ്യത്യസ്ത നിലപാടുകളാവും വരും നാളുകളില്‍ ഇന്ത്യക്ക് മുതല്‍ കൂട്ടാവുക.
വരുന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചാല്‍ അടുത്ത നാല് വര്‍ഷം ലോകത്തെ ശക്തമായ സൗഹൃദ രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യയും അമേരിക്കയും മാറും. ഒപ്പം തന്നെ ഇന്ത്യന്‍ സമൂഹത്തിന്റെ താല്പര്യങ്ങളും അദ്ദേഹത്തിന് ഒഴിവാക്കാനാവില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് വരാനിരിക്കുന്ന വിവിധ വിഷയങ്ങളില്‍ അമേരിക്കന്‍ പിന്തുണ ഇന്ത്യക്ക് ആവശ്യമായി വരുന്നത്. അതിലേക്കുള്ള ചവിട്ടുപടിയായാണ് ഹൂസ്റ്റണിലെ ഹൗഡി മോദി, അഹമ്മദാബാദിലെ നമസ്തേ ട്രംപ് എന്നീ പരിപാടികളിലൂടെ അമേരിക്കന്‍ ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ഇടയില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യ ശ്രമിച്ചതും.
ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കശ്മീര്‍ വിഷയത്തിലും ശക്തമായ നിലപാട് വൈകാതെ തന്നെ അമേരിക്ക പ്രഖ്യാപിക്കും. ട്രംപിന്റെ ശൈലിയില്‍ ഇന്ത്യക്ക് അനുകൂലമായ തീരുമാനം തന്നെ പ്രഖ്യാപിച്ചാല്‍ അതിശയപ്പെടാനാവില്ല. തെക്കനേഷ്യയില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന പ്രശ്നമാണ് ഇന്ത്യയും പാക്കിസ്ഥാനുമായുള്ളതെന്നും പ്രശ്നത്തിന്റെ കാതല്‍ കശ്മീരുമാണെന്ന് ട്രംപും സൂചിപ്പിച്ചിട്ടുണ്ട്. എന്നന്നേക്കുമായുള്ള കശ്മീര്‍ പ്രശ്ന പരിഹാരമാണ് ലക്ഷ്യമെന്ന് ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ രണ്ട് തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതുകൊണ്ടുതന്നെ പാക് അധീന കശ്മീര്‍ ഭാരതത്തോട് ചേര്‍ക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിക്കുകയും പ്രദേശം പിടിച്ചെടുക്കുന്നതടക്കമുള്ള സൈനിക നടപടികളിലേക്ക് വരും നാളുകളില്‍ ഇന്ത്യ നീങ്ങാനുമുള്ള സാധ്യത തെളിയുന്നു.
ഇപ്പോള്‍ രാജ്യം വാങ്ങുന്ന അത്യാധുനിക ആയുധങ്ങളെല്ലാം തന്നെ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാകും. ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറുന്ന റാഫേല്‍ യുദ്ധവിമാനം 2022 ഓടെയും റഷ്യന്‍ നിര്‍മിതമായ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം 2023 ഓടെയും പ്രവര്‍ത്തന സജ്ജമാകും. അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ നല്കുന്ന യുദ്ധോപകരണങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ പ്രതിരോധ മേഖലയെ ശക്തമാക്കും. ഇപ്പോള്‍ അമേരിക്കയുമായി ഒപ്പ് വച്ചിരിക്കുന്ന കരാറുകളില്‍ 30 ഓളം എംക്യു 9 റീപ്പര്‍ ഡ്രോണുകളും ഉള്‍പ്പെടുന്നു. ലോകത്തെ ഏറ്റവും ഭയാനകമായ ഡ്രോണുകള്‍ എന്ന വിശേഷണമുള്ള ഈ ആയുധമുപയോഗിച്ചാണ് ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ സുലൈമാനിയെ അമേരിക്ക വധിച്ചത്. ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട മസൂദ് അസ്ഹര്‍ തുടങ്ങിയ ഭീകരരെ ബിന്ലാദന് മോഡല്‍ ഓപ്പറേഷനിലൂടെ വധിക്കാനും വരും നാളുകളില്‍ സാധ്യതയേറെയാണ്.
ഇത്തരം നടപടികളില്‍ അമേരിക്കന്‍ പിന്തുണയും സഹകരണവും ആവശ്യമാണ്. അഫ്ഗാനിസ്ഥാനിലെ താലിബാനുമായുള്ള കരാര്‍ സാധ്യമാവുന്നതിന് അമേരിക്കയ്ക്ക് പാക്കിസ്ഥാന്റെ സഹായം ഇപ്പോള്‍ ആവശ്യമാണ്. കരാര്‍ യാഥാര്‍ഥ്യമായതിനു ശേഷം ഇന്ത്യന്‍ നിലപാടുകള്‍ക്ക് ഒപ്പം അമേരിക്ക വന്നു ചേരും. അതിനുള്ള ശ്രമമാണ് ഇന്ത്യന്‍ സമൂഹത്തെ ഉയര്‍ത്തിക്കാട്ടി ഇന്ത്യ നല്കുന്ന സന്ദേശവും. ചൈനീസ് പ്രസിഡന്റിന് ഇന്ത്യ നല്കിയ സ്വീകരണവും റഷ്യയില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനവും റഷ്യയുമായുള്ള ആയുധ വ്യാപാരവും ഇന്ത്യന്‍ താല്പര്യങ്ങള്ക്കൊപ്പം നില്ക്കാന് അമേരിക്കയെ പ്രേരിപ്പിക്കുന്ന ഘടകം കൂടിയാണ്. ഇപ്പോള്‍ തന്നെ എച്ച് വണ്‍, ബി വണ്‍ വിസ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ വംശജരായ കുടിയേറ്റക്കാര്‍ക്ക് ദോഷം വരുന്ന നയങ്ങളൊന്നും അമേരിക്കയില്‍ നിന്ന് ഉണ്ടാവില്ല എന്നദ്ദേഹം പ്രഖ്യാപിച്ചു. പ്രതിരോധ രംഗത്തും ഭീകരവിരുദ്ധ രംഗത്തും ഇന്തോ-അമേരിക്കന്‍ ബന്ധം ദൃഢമാക്കുന്ന വിവിധ ചര്‍ച്ചകളാണ് ട്രംപിന്റെ യാത്രയിലൂടെ ഉണ്ടായത്.
വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ സന്ദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയമായ താല്പര്യങ്ങള്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. വ്യാപാര കരാറുകളടക്കം വിവിധ വിഷയങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാവുന്ന രീതിയില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതായിട്ടുണ്ട്. അതിനുള്ള സൗഹൃദ സാഹചര്യം സൃഷ്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവും ഇന്ത്യ നല്കിയ ആതിഥ്യവും കൊണ്ട് സാധിച്ചു. 70344 99409
പ്രതികരിക്കാൻ ഇവിടെ എഴുതുക: