കുളത്തൂപ്പുഴ (കൊല്ലം): കുളത്തൂപ്പുഴയില്‍ പാതയോരത്ത് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും ബന്ധമുള്ള ഇറച്ചിക്കച്ചവടക്കാരെയും കോഴിക്കച്ചവടക്കാരെയും സംശയിക്കുന്നു. വെടിയുണ്ടകള്‍ കണ്ടെടുത്ത സ്ഥലത്തുനിന്നുകിട്ടിയ വൈദ്യുതിബില്ലിന്റെ ഉടമസ്ഥനായ കോഴിക്കച്ചവടക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്തു.
തെങ്കാശി, ചെങ്കോട്ട, തിരുനെല്‍വേലി, രാജപാളയം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍കിട കോഴിഫാമുകള്‍ നടത്തുന്ന ചിലര്‍ക്ക് മതഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. കുളത്തൂപ്പുഴയിലും പരിസരത്തും ധാരാളം അനധികൃത ഇറച്ചിക്കടകളും കോഴിക്കടകളുമുണ്ട്. തമിഴ്നാട് രജിസ്ട്രേഷനുള്ള ധാരാളം വാഹനങ്ങള്‍ അതിര്‍ത്തികടന്ന് കുളത്തൂപ്പുഴയിലും കിഴക്കന്‍ വനമേഖലകളിലും എത്താറുണ്ട്. കൂടാതെ തമിഴ്നാട്ടിലുള്ള അനേകമാളുകള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുവെന്ന വ്യാജേന തമ്പടിക്കുന്നുമുണ്ട്. ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളും ഈ മേഖലയില്‍ പണിയെടുക്കുന്നു. അടുത്തിടെ കുളത്തൂപ്പുഴയ്ക്കു സമീപമുള്ള അഞ്ചലിലെ ഇറച്ചിക്കടയില്‍ ആസാം സ്വദേശിയായ ക്രിമിനല്‍ സഹപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊന്നിരുന്നു. ശ്രീലങ്കന്‍ സ്വദേശിനിയായ യുവതി മതംമാറി ഒളിവില്‍ താമസിച്ചിരുന്നതും അഞ്ചലിലാണ്. വിസാ കാലാവധി കഴിഞ്ഞിട്ടും നിയമം ലംഘിച്ച് ഇവിടെ താമസിച്ച ഇവര്‍ക്കെതിരെ പോലീസ് യാതൊരു നടപടിയും എടുത്തിരുന്നില്ല.
രാത്രികാലങ്ങളില്‍ കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ നിര്‍ബാധം സഞ്ചരിക്കുന്ന ഇതര സംസ്ഥാനവാഹനങ്ങള് നിരീക്ഷിക്കാന്‍ സംവിധാനമില്ല. കന്നുകാലി കടത്തിന്റെയും കോഴി വ്യാപാരത്തിന്റെയും മറവില്‍ ഭീകരവാദപ്രവര്‍ത്തനത്തിനുള്ള പണവും ആയുധങ്ങളും കിഴക്കന്‍ മേഖലയില്‍ എത്തുന്നുവെന്ന ആരോപണം ശക്തമാണ്. നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും കേരള പോലീസ് ശക്തമായ നടപടി എടുത്തില്ലെന്നും പറയപ്പെടുന്നു. എന്നാല്‍, തമിഴ്നാട് ക്യൂ ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ സജീവമാണ്. വെടിയുണ്ടകള്‍ കണ്ടെടുത്തശേഷം തമിഴ്നാട്ടിലെ തെങ്കാശി, നാഗര്‍കോവില്‍ ഭാഗങ്ങളില്‍ സംശയിക്കപ്പെടുന്ന നിരവധി പേരെ അവര്‍ ചോദ്യം ചെയ്തു. കളിയിക്കാവിളയില്‍ പോലീസുകാരനെ ഇസ്ലാമിക ഭീകരര്‍ വെടിവച്ചു കൊന്ന സംഭവത്തിനുശേഷം തമിഴ്നാട് പോലീസ് സംശയമുള്ളവരെ നിരീക്ഷിക്കുന്നുണ്ട്.
തമിഴ്നാട്ടില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കേരളത്തിലെ ചില പ്രദേശങ്ങളിലാണ് സംരക്ഷണം കൊടുക്കുന്നതെന്ന് തമിഴ്നാട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കൊല്ലത്തെ കുളത്തൂപ്പുഴ മേഖല. വനത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ ഭീകരര്‍ക്ക് പരിശീലനം നടത്താനും തങ്ങാനുമുള്ള സൗകര്യങ്ങള്‍ പ്രദേശത്തെ ചില ഭീകരവാദ ബന്ധമുള്ളവര്‍ ഒരുക്കി കൊടുക്കുക കൂടി ചെയ്യുമ്പോള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടക്കുകയാണ്.
തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിനായി മനഃപൂര്‍വം ഭീതി സൃഷ്ടിക്കുന്നതിനാണ് ഭീകരര്‍ വെടിയുണ്ടകള്‍ വലിച്ചെറിഞ്ഞതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും വ്യാപാരത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തുകയും മാവോയിസ്റ്റ്-ജിഹാദി ഭീകരപ്രവര്‍ത്തനത്തെ തടയുകയും വേണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: