ചങ്ങനാശ്ശേരി: സമുദായത്തിനുംസമൂഹത്തിനുമായി സ്വജീവിതം സമര്‍പ്പിച്ച യുഗപ്രഭാവനായ മന്നത്ത് പത്മനാഭന്റെ 50-ാം ചരമ വാര്‍ഷികദിനത്തില്‍ നാടെങ്ങും ആചാര്യ സ്മരണ പുതുക്കി. കേരള നവോത്ഥാന ചരിത്രത്തില്‍ മന്നം നല്കിയ അമൂല്യമായ സംഭാവനകള്‍ ഓര്‍മ്മപ്പെടുത്തിയാണ് ദിനാചരണം കടന്ന് പോയത്. ചങ്ങനാശ്ശേരി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ നടന്ന ദിനാചരണ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. താലൂക്ക് തലത്തിലും കരയോഗങ്ങളിലും ദിനാചരണ പരിപാടികള്‍ ഉണ്ടായിരുന്നു. രാവിലെ ആറ് മുതല്‍ മന്നം ദിവംഗതനായ 11.45 വരെയായിരുന്നു മന്നം സമാധിയില്‍ ചടങ്ങുകള്‍. വിവിധ കരയോഗങ്ങളില്‍ നിന്നെത്തിയ സമുദായ പ്രവര്‍ത്തകരും സാമൂഹ്യ, രാഷ്ടീയ മേഖലയിലുള്ളവരും സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.
ഭക്തിഗാനാലാപാനം, ഉപവാസം, സമൂഹ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരുന്നു. നായര്‍ സര്‍വീസ് സൊസൈറ്റിക്ക് രൂപം നല്കിയ വേളയില്‍ മന്നവും സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞ എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ ചൊല്ലിക്കൊടുത്തതോടെ അനുസ്മരണ ചടങ്ങുകള്‍ക്ക് സമാപനമായി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, ട്രഷറര്‍ ഡോ. എം. ശശികുമാര്‍, രജിസ്ട്രാര്‍ പി.എന്‍. സുരേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
മന്നംസമാധിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പുഷ്പാര്‍ച്ചന നടത്തി. ബിജെപി സംസ്ഥാന പ്രസിഡണ്ടായിട്ടല്ല സാധാരണ പ്രവര്‍ത്തകനും വിശ്വാസിയുമായിട്ടാണ് ഇവിടെ എത്തിയിട്ടുള്ളതെന്ന് പുഷ്പാര്‍ച്ചനയ്ക്ക് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമന് നായര്‍, സംസ്ഥാന സമിതിയംഗങ്ങളായഎം.ബി.രാജഗോപാല്‍,ബി.രാധാകൃഷ്ണമേനോന്,എന്‍.പി. കൃഷ്ണകുമാര്‍, കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ, പി.പി. ധീരസിംഹന്‍, ജില്ലാ പ്രസിഡന്റുമാരായ എന്‍. ഹരി, വി.വി.രാജേഷ്, എം.വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, ട്രഷറര്‍ പി.ഡി. രവീന്ദ്രന്,
മണ്ഡലം പ്രസിഡന്റ് എ. മനോജ്, ജനറല്‍ സെക്രട്ടറി ബി.ആര്. മഞ്ജീഷ് എന്നിവരും പുഷ്പാര്‍ച്ചന നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് തുടങ്ങിയവരും പുഷ്പാര്‍ച്ചനയ്ക്ക് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: