തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.രാമന്‍പിള്ള ശതാഭിഷേക നിറവില്‍. രാമന് പിള്ളയ്ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജേശേഖരന് ഉദ്ഘാടനം ചെയ്തു.
പൊതുപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുതന്നത് കെ. രാമന്‍പിള്ളയാണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. പൊതുപ്രവര്‍ത്തനത്തില്‍ കൈപിടിച്ചു നടത്തിയത് അദ്ദേഹമാണ്. എന്നുമെന്നും സ്നേഹവും പ്രേരണയും ശക്തിയുമാണ് അദ്ദേഹം. പി.വി.കെ. നെടുങ്ങാടിയുടെയും ദത്താത്രേയ റാവുവിന്റെയും നേതൃത്വത്തില്‍ ജന്മഭൂമി സായാഹ്ന പത്രം പുറത്തിറക്കിയതിനു പിന്നിലെ പരിശ്രമം രാമന്പിള്ളയുടേതായിരുന്നു. രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും മാതൃകയാക്കേണ്ടണ്ട വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്നും കുമ്മനം പറഞ്ഞു ലളിതജീവിതവും ഉയര്‍ന്നചിന്തയുമുള്ള വ്യക്തിത്വമാണ് രാമന്പിള്ളയുടേതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. രാമന്‍പിള്ളയാണ് തന്നെ ജനസംഘത്തില്‍ കൊണ്ടുവന്നത്. പാലക്കാട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പുസ്തകമെഴുതുന്നതിനുള്ള സഹജമായ കഴിവ് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ സേവനം പ്രസ്ഥാനത്തിനും നാടിനും ഇനിയും ആവശ്യമുണ്ടെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു.
സംശുദ്ധരായ ഇത്തരം നേതാക്കളാണ് ബിജെപിയുടെ ശക്തിസ്രോതസ് എന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച നവകേരളമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ് പറഞ്ഞു. അനുപമമായ വ്യക്തിത്വത്തിന് ഉടമയാണ് പി.എന്‍. പണിക്കരെന്നും പൊതുപ്രവര്‍ത്തനത്തില്‍ കടപ്പാടുള്ള വ്യക്തികളില്‍ ഒരാളാണ് അദ്ദേഹമെന്നും ആദരവിന് മറുപടി നല്കി കെ. രാമന്‍പിള്ള പറഞ്ഞു. ഒ.രാജഗോപാല്‍ രാമന്പിള്ളയെ പൊന്നാട അണിയിച്ച് ആദരിച്ചു. അഡ്വ.കെ.അയ്യപ്പന്‍പിള്ള, എന്‍. ബാലഗോപാല്‍, രാമന്‍പിള്ളയുടെ ഭാര്യ പ്രസന്നകുമാരി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: