മായാനിരൂപണം
അടുത്ത 3 ശ്ലോകങ്ങളിലായി മായയെപ്പറ്റി വിവരിക്കുന്നു.
ശ്ലോകം 108
അവ്യക്തനാമ്നീ പരമേശ ശക്തിഃ
അനാദ്യവിദ്യാ ത്രിഗുണാത്മികാ പരാ
കാര്യാനുമേയാ സുധിയൈവ മായാ
യയാ ജഗത് സര്‍വ്വമിദം പ്രസൂയതേ
അവ്യക്തമെന്ന പേരുള്ള അനാദിയായ അവിദ്യ ത്രിഗുണാത്മികയും പരമേശ്വരന്റെ ശക്തിയുമാണ്. അത് പ്രപഞ്ചത്തില്‍ നിന്ന് അതീതമാണ്. പ്രപഞ്ചമാകുന്ന കാര്യത്തിന് കാരണമായ ഇതിനെ മായ എന്നും വിളിക്കുന്നു. കാര്യത്തില്‍ നിന്ന് മായയെ അനുമാനിക്കാന്‍ വിവേകികള്‍ക്ക് കഴിയും. എല്ലാ ലോകങ്ങളും ഇതില്‍ നിന്നാണ് ഉണ്ടാകുന്നത്.
സ്വയം വ്യാമോഹിതനായിത്തീരുവാനുള്ളതാണ് പരമേശ്വരന്റെ ഈ ശക്തി. അവ്യക്തം എന്ന് വിളിക്കുന്ന ഇത് തന്നെയാണ് കാരണ ശരീരവും. ഇതിനെ അവിദ്യയെന്നും പറയുന്നു.
സുഷുപ്തിയില്‍ അജ്ഞാന അനുഭവമായതിനാല്‍ ഒന്നും അറിയാനാവില്ല. അപ്പോള്‍ സത്വ,രജ,തമോഗുണങ്ങളടങ്ങിയ ത്രിഗുണാത്മികയായി പ്രവര്‍ത്തിക്കുന്നു. ഈ ത്രിഗുണാത്മികയാണ് മായ. ഇന്ദ്രിയങ്ങളാല്‍ അറിയാന്‍ കഴിയാത്തതിനാല്‍ മായയെ പരാ എന്ന് വിശേഷിപ്പിക്കുന്നു. മായയില്‍ നിന്നുണ്ടാകുന്ന കാര്യങ്ങളെ മാത്രമേ ഇന്ദ്രിയങ്ങള്‍ക്ക് അറിയാന്‍ സാധിക്കൂ. കാര്യങ്ങളിലൂടെ വേണം കാരണമായ മായയുടെ നിലനില്പിനെ അനുമാനിക്കാന്‍. വിവേകികള്‍ക്ക് ഇതിനെ നന്നായി അനുമാനം ചെയ്യാനാകും.
നിര്‍ഗുണമായ ബ്രഹ്മത്തില്‍ നിന്ന് സൃഷ്ടിയുണ്ടാകില്ല. ആകാശം മുതലായ കാര്യങ്ങള്‍ ഉള്ളതിനാല്‍ അതില്‍ നിന്ന് സൃഷ്ടിയ്ക്ക് കാരണമായ ഈശ്വര ശക്തിയെ സൂക്ഷ്മമായി ചിന്തിക്കുന്നവര്‍ക്ക് അനുമാനിക്കാന്‍ കഴിയും.
ഈ ജഗത്ത് ഉണ്ടായത് ബ്രഹ്മത്തെ ആശ്രയിച്ചു നില്ക്കുന്ന മായയില്‍ നിന്നാണ്. മായാമറയുള്ളതിനാല് ജഗത്തിന് ആധാരമായ ബ്രഹ്മത്തെ അറിയാനാകില്ല. അജ്ഞാനം മൂലമാണ് ഇത് സംഭവിക്കുന്നത്.
പരമാത്മതത്വത്തെ അറിയാതിരിക്കല്‍ എന്ന ഈ അവിദ്യ വ്യഷ്ടിയായ ജീവനില്‍ ‘വാസന’യെന്നും സമഷ്ടിയായ ഈശ്വരനില്‍ ‘മായ’ എന്നും അറിയപ്പെടുന്നു. പരമാത്മാവ് മായയാകുന്ന ഉപാധിയെ സ്വീകരിച്ചിട്ടാണ് ഈശ്വരനായത്. വ്യഷ്ടിയിലെ അവിദ്യ അഥവാ വാസന എന്ന ഉപാധിയിലൂടെ ബ്രഹ്മം ജീവനായിത്തീരുന്നു.
വ്യഷ്ടി കാരണ ശരീര അഭിമാനിയെ ജീവന് എന്നും സമഷ്ടി കാരണ ശരീര അഭിമാനിയെ ഈശ്വരന് എന്നും വിളിക്കുന്നു. ഓരോ ജീവനും തന്റെ അവിദ്യ മൂലം തന്റേതായ ഒരു ലോകം സൃഷ്ടിക്കുന്നു. ഈ ലോകങ്ങളെല്ലാം ചേര്‍ന്നതാണ് ജഗത്ത്. സമഷ്ടി മനസ്സ്, സമഷ്ടിവാസനയിലൂടെ സൃഷ്ടിച്ചതാണ് സമഷ്ടി ജഗത്ത്. ബ്രഹ്മം തന്നെയാണ് സമഷ്ടിവാസനയിലൂടെ ഈശ്വരനെന്നും സമഷ്ടി മനസ്സിലൂടെ ബ്രഹ്മാവ് എന്നും അറിയപ്പെടുന്നത്.
ഈശ്വരനുണ്ടോ? എന്ന ചോദ്യം എനിക്ക് അച്ഛനുണ്ടോ എന്ന് ഏതെങ്കിലും വിഡ്ഢി ചോദിക്കുന്നത് പോലെയാണ്. ഞാന്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ എനിക്ക് അച്ഛനുണ്ട്. കാരണം ഇല്ലാതെ കാര്യമുണ്ടാകില്ല. നമ്മള് ഉള്‍പ്പടെ ഈ കാണുന്ന ജഗത്താണ് കാര്യം. ഈശ്വരനാണ് കാരണം.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: