കൊല്ലം: ചോദ്യപേപ്പര്‍ സംബന്ധിച്ച വാര്‍ത്തകള്‍ വിവാദമാക്കി തന്നെ മതനിന്ദകനാക്കി ആദ്യം ചിത്രീകരിച്ചത് മാധ്യമങ്ങളാണെന്ന് ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിന് ഇരയായ പ്രൊഫ. ടി.ജെ. ജോസഫ്. ‘അറ്റുപോകാത്ത ഓര്‍മകള്‍’ എന്ന പുസ്തകത്തിന്റെ പ്രചരണാര്‍ഥം കൊല്ലം പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രാദേശിക മാധ്യമപ്രവര്ത്തകന് മാത്രമാണ് തന്നോട് അടുത്തകാലത്ത് ക്ഷമാപണം നടത്തിയത്. അതും സ്വകാര്യമായി. നിരവധി ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയിട്ടും തന്റെ ഭാഗം കൃത്യമായി സംപ്രേഷണം ചെയ്തില്ല. ജയില്‍ശിക്ഷ കഴിഞ്ഞുവന്നപ്പോള്‍ താന്‍ കാരണം പൊതുജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അത് തെറ്റ് ഏറ്റുപറയലായി ചിത്രീകരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.
കോടതി കുറ്റവിമുക്തനാക്കിയ തന്നെ ഇപ്പോഴും കുറ്റക്കാരനായി വ്യാഖ്യാനിക്കുന്നത് തന്നോട് കുറ്റം ചെയ്ത കോളേജ് മാനേജ്മെന്റിനും മതമൗലികവാദികള്‍ക്കും ആവശ്യമാണ്. യഥാര്‍ഥത്തില്‍ ഇവര്‍ കോടതിയെയാണ് വെല്ലുവിളിക്കുന്നത്. വായനാശീലം വിവേക പൂര്‍ണമാകണമെന്നാണ് തന്റെ കേസില്‍ കോടതിയില്‍ നിന്നുള്ള നിരീക്ഷണം. ആക്രമിക്കപ്പെടുമെന്ന ഭീഷണി കൈവെട്ടുസംഭവത്തിനു ശേഷമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: