തിരുവനന്തപുരം: പിഎസ്സി പരീക്ഷയുടെ വിശ്വാസ്യതയെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കി പരിശീലന കേന്ദ്രങ്ങള്‍. ക്രമക്കേട് കണ്ടെത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇവര്‍ക്ക് സഹായം ചെയ്ത് നല്കിയ പോലീസ് കോണ്‍സ്റ്റബിള്‍ ഗോകുലും പഠിച്ചത് വിവാദ പിഎസ്സി പരിശീലന കേന്ദ്രമായ വീറ്റോയില്‍. ഇവരുടെ ചിത്രം വച്ച് ഫ്ളക്സുകളും നോട്ടീസുകളും അടിച്ച് പരസ്യവും നടത്തിയിരുന്നു.
സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും പേരില്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളായ വീറ്റോയും ലക്ഷ്യയുമാണ് പിഎസ്സി പരീക്ഷകളെ വീണ്ടും സംശയത്തിലാക്കുന്നത്. പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റ്മാരായ രഞ്ജന്‍ രാജും ഷിബു.കെ.നായരും നടത്തുന്ന പരിശീലന കേന്ദ്രങ്ങളിലാണ് വിജിലന്‍സ് ഇന്നലെ റെയ്ഡ് നടത്തിയത്.
ഷിബുവിന്റെ ഭാര്യയുടെ പേരിലാണ് തമ്പാനൂരിലുള്ള ലക്ഷ്യ. രഞ്ജന്‍ രാജിന്റെ സുഹൃത്തുക്കളാണ് തമ്പാനൂരും വെഞ്ഞാറമൂട്ടിലുമുള്ള വീറ്റോയുടെ നടത്തിപ്പുകാര്‍. പിഎസ്സി പരിശീലനം നടത്തുന്ന തന്റെ സുഹൃത്ത് വഴിയാണ് ഉത്തരങ്ങള്‍ കണ്ടെത്തിയതെന്നാണ് കോണ്‍സ്റ്റബിള്‍ പരീക്ഷാക്കേസില്‍ ഗോകുല്‍ ക്രൈംബ്രാഞ്ചിന് നല്കിയ മൊഴി. എന്നാല്‍ അന്ന് ആ സുഹൃത്തിലേക്ക് അന്വേഷണം നീങ്ങിയില്ല. ഇടതുപക്ഷ യൂണിയന് പ്രവര്‍ത്തകനായ രഞ്ജന്‍ രാജാണ് ഗോകുലിനെ സഹായിച്ചതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. പിഎസ്സിക്കെതിരായ പരാതികളില്‍ ആദ്യം പേരെടുത്ത് പറഞ്ഞിരുന്ന സ്ഥാപനങ്ങളാണ് വീറ്റോയും ലക്ഷ്യയും.
ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് രഞ്ജന്‍ രാജ് തുടങ്ങിയ വീറ്റോ വെഞ്ഞാറമൂട്ടിലും പിന്നീട് തമ്പാനൂരിലേക്കും വിവിധ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ഷിബു ചുരുങ്ങിയ നാളുകള്‍ കൊണ്ട് കേരളത്തിലുടനീളം ലക്ഷ്യക്ക് ബ്രാഞ്ചുകള്‍ സ്ഥാപിച്ചു. ഇവിടെ നിന്നും നല്കുന്ന പുസ്തകങ്ങളിലെ ചോദ്യങ്ങള്‍ പരീക്ഷയില്‍ ആവര്‍ത്തിക്കുന്നു എന്ന് കാട്ടി നിരവധി ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. പിഎസ്സിയിലെ ചോദ്യ പേപ്പര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി രഞ്ജനും ഷിബുവിനും അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ തവണ നടത്തിയ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയുമായി ബന്ധപ്പെട്ടും ഈ രണ്ടു സ്ഥാപനങ്ങള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ കെഎഎസ് പരീക്ഷയ്ക്ക് നിരവധി ഉദ്യോഗസ്ഥരാണ് ഈ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് എത്തിയത്. ഇവരുടെ വാട്സാപ് ഗ്രൂപ്പുകളില്‍ നല്കിയ ചോദ്യങ്ങള്‍ പരീക്ഷയക്ക് ഉള്‍പ്പെട്ടിരുന്നെന്നും വിവരം പുറത്ത് വരുന്നുണ്ട്. ഇത് ചൂണ്ടിക്കാണിച്ച് കെഎഎസ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നു എന്ന് വാട്സാപ്പില്‍ സന്ദേശമിട്ട മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: