ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ദല്‍ഹി ഷഹീന്‍ബാഗില്‍ വഴി തടഞ്ഞ് നടത്തുന്ന സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തങ്ങളുടെ അഭിപ്രായം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ വേണ്ടി, ജനങ്ങള്‍ വഴി തടഞ്ഞ് മറ്റുള്ളവരുടെ ജീവിതം താറുമാറാക്കുന്നതും ഭീകരപ്രവര്‍ത്തനം തന്നെയാണ്. അദ്ദേഹം പറഞ്ഞു.
കടന്നുകയറ്റം അക്രമങ്ങള്‍ വഴി മാത്രമല്ല നടക്കുന്നത്. അത് പലതരത്തിലുണ്ട്. നിങ്ങള്‍ ഞാന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ ഞാന്‍ വഴിതടയും, ജനജീവിതം താറുമാറാക്കും, ഭാരതീയ ഛാത്ര സന്‍സദില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. എതിരഭിപ്രായം പറയാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതല്‍. അതില്‍ പ്രശ്നവുമില്ല. എന്നാല്‍, ഞങ്ങള്‍ പറയുന്ന പ്രമേയം നിങ്ങള്‍ പാസാക്കിയില്ലെങ്കില്‍ ഞങ്ങള്‍ വഴിതടയുമെന്നും വഴിമാറില്ലെന്നും പറയുന്നത് മറ്റൊരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനം തന്നെയാണ്. ആശയക്കുഴപ്പമുണ്ടാക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍, നിങ്ങളുടെ ചിന്തകള്‍ നിങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുത്, അദ്ദേഹം പറഞ്ഞു.
വീട്ടില്‍ ആള്‍ത്താമസം ഇല്ലാതെ വരുമ്പോഴാണ് നിരവധി പ്രേതങ്ങള്‍ അവിടെ അലയുന്നത്. അങ്ങനെയാണ് ഭീകരതയുടെ പ്രേതങ്ങള്‍ ഉള്ളിലെത്തുന്നതും. 370-ാം വകുപ്പ് എടുത്തു കളഞ്ഞു. അതേപ്പറ്റി വലിയ അവകാശവാദങ്ങള്‍ ഞാന്‍ ഉന്നയിക്കാനൊന്നും പോകുന്നില്ല. പക്ഷെ അവിടെ (ജമ്മു കശ്മീരില്‍) കാര്യങ്ങള്‍ സാധാരണ ഗതിയിലേക്ക് നീങ്ങുകയാണ്. ഭീകരതയെ വലിയൊരു പരിധിവരെ തുടച്ചുനീക്കാന്‍ നമുക്ക് കഴിയുമെന്ന കാര്യത്തില്‍ ഇപ്പോള്‍ എനിക്ക് അല്പം പോലും സംശയം ഇല്ല. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: