തൃശൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്നർ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശികള്‍ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്കി.
അപകടത്തില്‍ മരിച്ച ഒന്‍പതു യാത്രക്കാരില്‍ എട്ടു പേരുടെ സംസ്കാരം ഇന്നലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തി. ഒരാളുടെ സംസ്കാരം ഇന്ന്. പുറനാട്ടുകര കുറവങ്ങാട്ട് വീട്ടില്‍ മണികണ്ഠന്റെ മകന് ഹനീഷിന്റെ (25) സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടിലും ചിയ്യാരം ചിറ്റിലപ്പിള്ളി വീട്ടില്‍ പോള്‍ മകന് ജോഫി പോളിന്റെ (30) സംസ്കാരം ചിയ്യാരം വിജയമാതാ പള്ളിയിലും എരുമപ്പെട്ടി വാഴപ്പിള്ളി വീട്ടില്‍ സ്നിജോയുടെ ഭാര്യ അനുവിന്റെ (25) സംസ്കാരം എയ്യാല്‍ സെന്റ് സേവ്യേഴ്സ് പള്ളിയിലും അരിമ്പൂര്‍ കൈപ്പിള്ളി റിങ് റോഡില്‍ കൊള്ളന്നൂര്‍ പൊട്ടേക്കാട് വീട്ടില്‍ പരേതനായ ഡേവിസിന്റെ മകന് യേശുദാസിന്റെ (38) സംസ്കാരം എറവ് സെന്റ് തെരേസാസ് കപ്പല്‍ പള്ളിയിലും നടത്തി.
അണ്ടത്തോട് കള്ളിവളപ്പില്‍ നസീഫ് മുഹമ്മദ് അലിയുടെ (24) മൃതദേഹം അണ്ടത്തോട് ജുമാമസ്ജിദില്‍ കബറടക്കി. ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരായ കല്ലൂര്‍ പാലത്തുപറമ്പില്‍ മംഗലത്ത് വീട്ടില്‍ പരേതനായ ശശികുമാറിന്റെ മകന് കിരണ്‍കുമാര്‍ (23), തൃക്കൂര് പോത്തോട്ടപറമ്പില് മണികണ്ഠന്റെ മകള്‍ മാനസി (21) എന്നിവരുടെ സംസ്കാരം ബെംഗളൂരുവിലും കുട്ടനെല്ലൂര്‍ ഹില്ഗാര്ഡന്സില് മകന് സണ്ണിയോടൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി റോസിലിയുടെ (61) സംസ്കാരം യാക്കര ഡിവൈന്‍ പ്രൊവിഡന്റ് പള്ളിയിലും നടത്തി.
മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, എ.സി. മൊയ്തീന്, ചീഫ് വിപ്പ് കെ. രാജന്, അനില്‍ അക്കര എംഎല്‍എ, കളക്ടര്‍ എസ്. ഷാനവാസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഒല്ലൂര്‍ അപ്പാടന്‍ വീട്ടില്‍ റപ്പായിയുടെ മകന് ഇഗ്നി റാഫേലിന്റെ (39) സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: