ഇരിട്ടി: ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളില്‍ മഹാ ശിവരാത്രി വിവിധ ക്ഷേത്രകര്മ്മങ്ങളോടെയും ചടങ്ങുകളോടെയും കാലാപരിപാടികളോടെയും ആഘോഷിച്ചു. കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ഗണപതിഹോമം, അഖണ്ഡ നാമജപം, നവകപൂജ, നവകാഭിഷേകം വൈകുന്നേരം ഇളനീര്‍കാവ് വരവ്, ദീപസമര്‍പ്പണം, ദീപാരാധനയ്ക്കു ശേഷം പാനകവിതരണം, തുലാഭാരം തൂക്കല്, യാമപൂജകള്‍, പ്രാദേശിക കലാപരിപാടികള്‍ എന്നിവ നടന്നു.
കൈരാതി കിരാതക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്കൊപ്പം രാവിലെ ശിവപാര്വതീപൂജ നടന്നു. ശ്രീ വിദ്യാദേവീ ഉപാസകന് എ. ഗോപാലകൃഷ്ണന് എറണാകുളം ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചു. കന്യകമാരും സുമംഗലികളും അടക്കം നൂറുകണക്കിന് ഭക്തജനങ്ങള്‍ ശിവപാര്‍വതീ പൂജയില്‍ പങ്കെടുത്തു.
തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തില്‍ രാവിലെ വാച്ചവാദ്ധ്യാര്‍ സുബ്രഹ്മണ്യന് നമ്പൂതിരി തിരുമുറ്റം കരിങ്കല്‍ പാകിയതിന്റെ സമര്‍പ്പണം നടത്തി. അഷ്ടദ്രവ്യ ഗണപതിഹോമം, പ്രഭാഷണം, ഭക്തിഗാനാഞ്ജലി, കുട്ടികളുടെ ഗീതാ പാരായണം, നിറമാല ,ദേശവാസികളുടെ കലാ പരിപാടികള്‍, സിനിമാ പ്രദര്‍ശനം എന്നിവയും നടന്നു.
കീഴ്പ്പള്ളി പാലരിഞ്ഞാല്‍ മഹാദേവക്ഷേത്രത്തില്‍ 15 മുതല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ ശിവരാത്രിനാളില്‍ നടന്ന വിവിധ പരിപാടികളോടെ അവസാനിച്ചു. കാലത്ത് അഷ്ടദ്രവ്യ ഗണപതിഹോമം, ഇളനീര് അഭിഷേകം എന്നിവ നടന്നു. വൈകുന്നേരം താലപ്പൊലി ഘോഷയാത്ര , സാംസ്കാരിക സമ്മേളനം എന്നിവ നടന്നു. സുരേഷ് കാക്കയങ്ങാട് പ്രഭാഷണം നടത്തി. രാത്രി കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഇരിട്ടി മ്യൂസിക് വിഷന്റെ നാടന്‍പാട്ട്, കരോക്കെ ഗാനമേള എന്നിവയും നടന്നു.
ഉളിക്കല്‍ വയത്തൂര് കാലിയാര് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്കൊപ്പം വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം ഡോ. എം.പി. ചന്ദ്രാംഗദന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ബി. ദിവാകരന് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വയത്തൂര്, പരിക്കളം മാതൃസമിതികള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍, കോല്‍ക്കളി, യോഗാചാര്യന് ബാലകൃഷ്ണന്റെ പ്രഭാഷണം എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: