തിരുവനന്തപുരം: അന്തരിച്ച കലാകൗമുദി പത്രാധിപര്‍ എം.എസ് മണിയുടെ വീട് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് ഇന്ന് സന്ദര്‍ശിച്ചു. തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സിലെത്തിയ മുരളീധരന് എം.എസ് മണിയുടെ ഭാര്യ ഡോ. കസ്തൂരിഭായിയെയും കുടുംബാംഗങ്ങളേയും അനുശോചനം അറിയിച്ചു.
കേരളത്തിലെ മാധ്യമരംഗത്ത് മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട മാധ്യമപ്രവര്‍ത്തകനായിരുന്നു എം.എസ് മണിയെന്ന് വി. മുരളീധരന് അനുസ്മരിച്ചു. അദ്ദേഹം നിര്‍ഭയനായ മാധ്യമ പ്രവര്‍ത്തകനായിരുന്നു. ആരോടും പക്ഷപാതമില്ലാത്ത നിലപാടുകള്‍, താന്‍ വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്ന തന്റേടം എന്നിവ അദ്ദേഹത്തെ മാധ്യമരംഗത്തെ അതികായനാക്കി മാറ്റി.
മാധ്യമപ്രവര്‍ത്തനത്തില്‍ പിതാവില്‍ നിന്ന് ലഭിച്ച മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തിന്റെ നവോത്ഥാനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുപോകുക എന്ന സമീപനമാണ് അദ്ദേഹം ജീവിതകാലം മുഴുവന്‍ കൈക്കൊണ്ടത്. തെറ്റുകളെയും കൊള്ളരുതായ്മകളെയും സമൂഹത്തില്‍ ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത കാര്യങ്ങളെയും തുറന്നെതിര്‍ക്കുക എന്ന സമീപനം കൈക്കൊണ്ടുകൊണ്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍, അന്തസത്ത എന്നിവ ഉയര്‍ത്തിപ്പിടിച്ച യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകനായിരുന്നു എം.എസ് മണിയെന്നും വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: