ന്യൂദല്‍ഹി : ഇന്ത്യയുടെ നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് ചാര സംഘടനയായ ഐഎസ്ഐയ്ക്ക് ചോര്‍ത്തി നല്കിയ നേവി ഉദ്യോഗസ്ഥര്‍ പിടിയില്‍. 11 നാവിക സേനാ ഉദ്യോഗസ്ഥര്‍ അടക്കം 13 പേരെയാണ് പിടികൂടിയത്.
ഹണി ട്രാപ്പില്‍ ഉള്‍പ്പെട്ട് ഇവര്‍ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐഎസ്ഐക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു. എന്‍ഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ആന്ധ്രാപ്രദേശ് പോലീസും, നേവി ഇന്റലിജെന്‍സും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. ഏഴ് നാവിക സേന ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഇവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
നേരത്തെ കരസേന ഉദ്യോഗസ്ഥരും ഹണിട്രാപ്പില്‍ കുടുങ്ങിയതായി ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് രണ്ട് സൈനികരെ രാജസ്ഥാനില്‍ നിന്നും പിടികൂടുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് നേവിക്കെതിരേയും ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അതേസമയം ഐഎസ്ഐയുടെ ഹണി ട്രാപ്പില്‍ കുടുങ്ങി സമൂഹ മാധ്യമങ്ങള്‍ വഴിയാണ് നാവികസേനാ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നേവിയിലെ ജീവനക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നതിനും അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: