കൊച്ചി : കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപകടമാണ് കോമ്പത്തൂരില്‍ സംഭവിച്ചത്. അപകടം സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയാനായി കെഎസ്ആര്‍ടിസി കണ്ട്രോള് റൂം തുറന്നു.
0471-2463799, 9447071021 എന്നീ നമ്പറുകളില്‍ ആളുകള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. അതേസമയം കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുഖകരമായ ദിവസത്തിലൂടെയാണോ തങ്ങള്‍ കടന്നു പോകുന്നതെന്ന് ഭയക്കുന്നതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പെട്ടവര്‍ക്ക് വേണ്ട ചികിത്സാസഹായം നല്‍കാനുള്ള നടപടികള്‍ ബഹു. ഗതാഗത മന്ത്രി നേരിട്ടു തന്നെ സ്വീകരിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇന്ന് പുലര്‍ച്ചെയാണ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബെംഗളൂരില്‍ നിന്നും എറണാകുളത്തേക്ക് തിരിച്ച കെഎസ്ആര്‍ടിസിയുടെ മള്‍ട്ടി ആക്സില്‍ ബസിലേക്ക് കോയമ്പത്തൂര്‍ അവിനാശിക്കടുത്ത് വച്ച് ദിശതെറ്റിയെത്തിയ കണ്ടെയ്നര്‍ ലോറി ഇടിക്കുകയും പ്രസ്തുത കണ്ടെയ്നര്‍ ബസിന് മുകളിലേക്ക് മറിയുകയുമായിരുന്നു.
ടൈലുമായി എറണാകുളത്തുനിന്നും പോവുകയായിരുന്ന കണ്ടെയ്നല്‍ ലോറി ബസ്സിനുമീതെ ഇടിച്ചു കയറ്റുകയായിരുന്നു. ബസ്സിന്റെ വലതുഭാഗത്തിരുന്നവര് മിക്കവര്‍ക്കും ജീവാപായ സാധ്യതയുള്ളതായും ആശങ്കപ്പെടുന്നു. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാര്‍ എറണാകുളത്തേക്ക് റിസര്‍വ് ചെയ്തിരുന്നവരാണ്.
കണ്ടെയ്നറിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ലോറിയിലുണ്ടായിരുന്നവര്‍ ഓടിപ്പോയിരിക്കുകയാണ്.
കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടി.ഡി. ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: