കാസര്‍കോട്: 43.50 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍. ഇയാള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പെര്‍ള സ്വദേശി മുഹമ്മദിനെയാണ് (67) പിടികൂടിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.
കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐയുടെ സ്ക്വാഡും പ്രിന്‍സിപ്പല്‍ എസ്ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ വിദ്യാനഗര്‍ ഗവ. കോളേജിന് സമീപമാണ് ഇവരെ പോലീസ് കുടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു, മറ്റൊരാള്‍ കാറില്‍ കടന്നുകളഞ്ഞു. ഇവരെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തുന്നത്.
മുഹമ്മദിനെയും കെഎല്‍ 14 യു 3330 നമ്പര്‍ സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. സ്വിഫ്റ്റ് കാറില്‍ കറുത്ത ബാഗിലായി സൂക്ഷിച്ച നിലയിലായിരുന്നു നിരോധിച്ച 500 രൂപയുടെ നോട്ടുകള്‍. ചോദ്യം ചെയ്യലില്‍ രണ്ടു ദിവസം മുമ്പാണ് സംഘത്തെ പരിചയപ്പെട്ടതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നുമാണ് മുഹമ്മദ് പോലീസിനോട് വ്യക്തമാക്കിയത്.
പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളടക്കം ലഭിക്കൂയെന്ന് പോലീസ് പറഞ്ഞു. ഒരു ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ക്ക് 10,000 രൂപ കമ്മീഷന് ലഭിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: