തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ വി.എസ്. ശിവകുമാറിനെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. 2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്ന വി.എസ്. ശിവകുമാര്‍ പേഴ്സണല്‍ സ്റ്റാഫിനേയും സുഹൃത്തുകളെയും ബിനാമികളാക്കി സ്വത്തുക്കള്‍ സമ്പാദിച്ചെന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ എസ്പി വി.എസ്. അജിയാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്.
ശിവകുമാറിന്റെ ഡ്രൈവറായിരുന്ന ഷൈജു ഹരന്, സുഹൃത്തുക്കളും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായ എം. രാജേന്ദ്രന്, എന്‍.എസ്. ഹരികുമാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. മന്ത്രിയായിരിക്കുമ്പോള്‍ ഇവരുടെയെല്ലാം പേരില്‍ ശിവകുമാര്‍ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വിജിലന്‍സിന് ലഭിച്ച പരാതികളില്‍ പരാമര്‍ശിച്ച ഏഴ് പേരുടെ സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ എല്ലാവരുടെയും സ്വത്ത് ഇരട്ടിയായെന്നും വിജിലന്‍സ് കണ്ടെത്തി.
കേസെടുക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പിന്നാലെയാണ് കോടതിയില്‍ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകള്‍ നടത്തിയതും ബിനാമി പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതുമടക്കമുള്ള പരാതികളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.
2016ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായ സമയം മുതല്‍ ശിവകുമാറിനെതിരെ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം രഹസ്യാന്വേഷണം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഇന്റലിജന്‍സ് വിഭാഗം വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: