ബെംഗളൂരു: കാളയോട്ടത്തില്‍ ഞെട്ടിപ്പിക്കുന്ന വേഗതയിലൂടെ കായിക ലോകത്തിന്റെ ഒന്നടങ്കം ശ്രദ്ധ പിടിച്ചു പറ്റിയ കര്‍ണാടകയിലെ കമ്പള നായകന് ശ്രീനിവാസ ഗൗഡക്ക് സര്‍ക്കാര്‍ ആദരവ്. മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പയുടെ ക്ഷണ പ്രകാരം ഇന്നലെ വൈകിട്ട് വിധാന്‍ സൗധയിലെത്തിയ ശ്രീനിവാസ ഗൗഡ മൂന്നാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലെത്തി യെദിയുരപ്പയെ കണ്ടു.
16 അംഗങ്ങളടങ്ങുന്ന കമ്പള ടീമിനൊപ്പമാണ് ഗൗഡ ബെംഗളൂരുവിലെത്തിയത്. ഗൗഡയെ ആദരിച്ച മുഖ്യമന്ത്രി മൂന്നുലക്ഷം രൂപ പാരിതോഷികമായി നല്കി. ടൂറിസം വകുപ്പ് മന്ത്രി സി.ടി രവി ചടങ്ങില്‍ പങ്കെടുത്തു. തനിക്ക് ഇത്രയും അംഗീകാരം നല്‍കിയതിനു ഗൗഡ എല്ലാവരോടും നന്ദി പറഞ്ഞു. ഇനിയും ഉയരങ്ങളിലേക്ക് എത്താന്‍ ശ്രമിക്കുമെന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു.
ട്രയല്‍സില്‍ പങ്കെടുക്കും: ശ്രീനിവാസ ഗൗഡ
ബെംഗളൂരു: സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) നടത്തുന്ന ട്രയല്‍സില്‍ പങ്കെടുക്കുമെന്ന് കമ്പളയിലെ ഉസൈന്‍ ബോള്‍ട്ട് എന്നു പ്രശസ്തനായ ശ്രീനിവാസ ഗൗഡ. സായി അധികൃതരുമായി വീണ്ടും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് ആദ്യവാരം വരെ കമ്പള മത്സരങ്ങളുടെ തിരക്കിലാണെന്നും അത് കഴിഞ്ഞ് ട്രയല്‍സില്‍ പങ്കെടുക്കാമെന്നു കരുതുന്നെന്നും ഗൗഡ പറഞ്ഞു. ചെളിയില്‍ ഓടാന്‍ കഴിയുന്നതു പോലെ ട്രാക്കില്‍ കഴിയില്ലെന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു.
ട്രയല്‍സില്‍ പങ്കെടുക്കാന്‍ ഗൗഡയെ സായ് ക്ഷണിച്ചിരുന്നു. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിന്റെ നിര്‍ദേശ പ്രകാരം ട്രെയിന്‍ ടിക്കറ്റ് അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ താന്‍ ട്രയല്സിനില്ലെന്നായിരുന്നു ഗൗഡയുടെ മറുപടി. മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പയുടെ ക്ഷണ പ്രകാരം ബെംഗളൂവിലെത്തിയ ശ്രീനിവാസ ഗൗഡ മുന്‍ നിലപാട് മാറ്റി സായിയില്‍ ട്രയല്‍സിനു പോകാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: