തിരുവനന്തപുരം: പോലീസ് നവീകരണത്തിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് 151.41 കോടി രൂപയുടെ അവിഹിത സാമ്പത്തിക നേട്ടമുണ്ടാക്കി കൊടുത്തെന്ന പരാതിയിലെ വിജിലന്‍സ് നടപിടി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. വിജിലന്‍സിനും മുഖ്യമന്ത്രിക്കും നല്കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു എന്നുള്ള റിപ്പോര്‍ട്ട് ഈമാസം 19 ന് ഹാജരാക്കന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും സര്‍ക്കാരിനും നോട്ടീസ് അക്കാനും വിജിലന്‍സ് ജഡ്ജി എം.ബി.സ്നേഹലതയുടെ ഉത്തരവ്. കംപ്ട്രോളര്‍ ആന്റ് ആഡിറ്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ അഴമിതിയുടെയും വകമാറ്റലിന്റെയും കണക്കുകള്‍ പുറത്ത് വന്നതോടെയാണ് അഡ്വ .നെയ്യാറ്റിങ്കര നാഗരാജ് വിജിലന്‍സിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. എന്നാല്‍ നടപടികളിലുണ്ടായില്ല. ഇതിനെതുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
സ്റ്റേറ്റ് പോലീസ് ചീഫ് ലോക് നാഥ് ബഹ്റയെ കൂടാതെ അഡീ.ഡിജിപി (നവീകരണം) , ചട്ടവിരുദ്ധമായി ഉപകരണങ്ങള്‍ വാങ്ങാന്‍ ബെഹ്റ ചുമതലപ്പെടുത്തി സാങ്കേതിക സമിതി അംഗങ്ങള്‍ , പജേറോ കാറു വാങ്ങിയ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഫിനാന്‍സ് കോര്പ്പറേഷന് എംഡി , പാനസോണിക് ഇന്ത്യ കമ്പനി എംഡി , ന്യൂ ദല്‍ഹി ആസ്ഥാനമായ എല്‍എറ്റി കമ്പനി എം ഡി , സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കമ്പനി എം ഡി എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പൊതുസേവകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷികളായ സ്വകാര്യ കമ്പനികളെ അവിഹിതമായി സഹായിച്ച് ഖജനാവിന് അന്യായ നഷ്ടം വരുത്തിയെന്നാണ് പരാതി.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ , ആഡംബര വാഹനങ്ങള്‍ , ജി പി എസ് സിസ്റ്റം , വോയ്സ് ലോഗര്‍ സിസ്റ്റം , എക്സ്സ്റേ ബാഗേജ് ഇന്സ്പെക്ഷന് സിസ്റ്റം , ശബരിമലയിലേക്കുള്ള സുരക്ഷാ സിസ്റ്റം , മൊബൈല്‍ ഡിജിറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്ലാറ്റ്ഫോം എന്നിവ വാങ്ങിയതിലും വില്ലകള്‍ പണിതതിലും അഴിമതി നടത്തിയെന്ന് പരാതിയില്‍ പറയുന്നു. കംട്രോളര്‍ ആന്റ് ആഡിറ്റര്ജനറല് എസ്. സുനില്‍രാജാണ് സാക്ഷിപ്പട്ടികയിലെ ഒന്നാം സാക്ഷിയാക്കിയിട്ടുണ്ട്. അതേസമയം അന്വേഷണത്തില്‍ കോടതി നിരീക്ഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചത്. ഈ വാദം തള്ളിയ കോടതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: