അഞ്ചല്‍ (കൊല്ലം): പൗരത്വ നിയമ ഭേദഗതിയിലെ സിപിഎം നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട നേതാവ് ബിജെപിയില്‍ ചേര്‍ന്നു. അഞ്ചല്‍ ആലഞ്ചേരിയില്‍ പതിനഞ്ചു വര്‍ഷമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ. രാജേന്ദ്രന് നായരാണ് തന്റെ മുപ്പത്തിയെട്ട് വര്‍ഷമായുള്ള സിപിഎം ബന്ധം ഉപേക്ഷിച്ചത്.
ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന മുന്‍ നിലപാട് തിരുത്തി തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും കുടപിടിക്കുന്ന സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി. അഞ്ചല്‍ മേഖലയില്‍ മതതീവ്രവാദികളെ കൂട്ടുപിടിച്ച് സിപിഎം പ്രകോപനപരമായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. മതന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പത്തടിയില്‍ നിന്ന് ഡിവൈഎഫ്ഐ പദയാത്ര നടത്തിയിരുന്നു.
ശബരിമല വിഷയത്തിലടക്കം ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിച്ച സിപിഎം രാജ്യദ്രോഹികളുടെ കൈയിലെ കളിപ്പാവയായെന്ന് രാജേന്ദ്രന് നായര്‍ പറഞ്ഞു. ഒരു കാലത്ത് ഇന്ത്യയിലെ പ്രതിപക്ഷമായിരുന്ന സിപിഎമ്മാണ് ചില തുരുത്തുകളിലായി മാറിയത്. തീവ്രവാദികളും രാജ്യദ്രോഹികളുമായാണ് സിപിഎമ്മിന് ചങ്ങാത്തം. നരേന്ദ്ര മോദിയുടെ നേതൃത്വം ഭാരതത്തിന് പുത്തനുണര്‍വ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബിജെപി ഏരൂര്‍ പഞ്ചായത്തു സമിതി പ്രസിഡന്റ് അനില്‍കുമാര്‍ രാജേന്ദ്രന് നായരെ ഷാളണിയിച്ച് സ്വീകരിച്ചു. ആലഞ്ചേരി ജയചന്ദ്രന്, ഷീന ഉദയന്‍, ജി. ബാലചന്ദ്രന്‍പിള്ള, ആര്. രാഗേഷ് തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: