പുരോഗമനവാദികളെന്ന് സ്വയം പുകഴ്ത്തി മേനി നടിക്കുന്നവരെ കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരിനമാണല്ലോ! എന്തിനും വ്യാഖ്യാനങ്ങള്‍ നല്‍കുകയെന്നത് അവര്‍ക്കും അവരുടെ അഭ്യുദയകാംക്ഷികള്‍ക്കുമുള്ള പ്രത്യേകതയാണ്.
ഇപ്പോള്‍ അവര്‍ ഭരണഘടനയുടെ ആദ്യ പേജ് വായിച്ചും, കാക്കയെ വരച്ചാസ്വദിച്ചും സമയം ചിലവഴിക്കുകയാണല്ലോ കൃതിക്കൂട്ടില്? അതിന് സാഹിത്യ സഹകരണ സഹകാരികളുടെ കൃതി കൂടാരത്തില്‍ ഉരുട്ടിയ ബലി ഉരുള ഇലയില്‍ നിരത്തി കൈകൊട്ടി മാറി നിന്ന് വരവേല്‍ക്കുന്ന കാഴ്ചകള്‍ അവിടെ കാണാന്‍ കഴിയും.
കൂട് തേടി പറക്കുന്ന കാക്കകളെ വലവീശിപ്പിടിച്ച് കൃത്രിമ കുട്ടിലിട്ടു മെരുക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനു വേണ്ടി വിടുപണി ചെയ്യുകയാണ് ഈ കൂട്ടര്. വോട്ടാക്കാനും, നോട്ടാക്കാനും ഈ പക്ഷിയെ അവര്‍ക്ക് വേണം. അത് അവരങ്ങ് എടുക്കുവാ!
മക്കളുടെ കരുതല്‍, അമ്മയുടെ അധികാരമാണ്. അവകാശമാണ്. ഉച്ചയ്ക്ക് അമ്മ കുഞ്ഞിനെ ഒക്കത്തിരുത്തി ഉരുള ഉരുട്ടി ചുണ്ടോടടുപ്പിക്കുമ്പോള്‍, മുഖം തിരിക്കുന്ന കുഞ്ഞിനോട് അമ്മ പറയും, ഉരുള കാക്ക കൊത്തി പോകുമെന്ന്. ഉടന്‍ കുഞ്ഞ് വായ് തുറന്ന് നല്‍കും. ഇത് കരുതലാണ്.
കാക്ക കൊത്തിക്കൊണ്ടു പോകാതെ നോക്കേണ്ടതും, കൊത്താന്‍ വരുന്ന കാക്കയെ ചെറുക്കുന്നതും പ്രകൃതിദത്തമായ ധര്‍മ്മമാണ്. തൃപ്പൂണിത്തുറയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കാക്കകള്‍ തിരഞ്ഞുപിടിച്ച് ശല്യം ചെയതുവന്നിരുന്നത് പതിനഞ്ച് കൊല്ലം മുന്‍പ് വാര്‍ത്തയായിരുന്നു. ഉച്ഛിഷ്ടം ഭക്ഷിച്ച് വേണ്ടാത്തത് അവിടെത്തന്നെ നിക്ഷേപിക്കുക, ചിലത് അന്യരുടെ പറമ്പിലോ, കിണറുകളിലോ കൊണ്ടിടുന്നത് തടയുകയെന്നത് വിശേഷബുദ്ധിയുള്ളവരുടെ കരുതലാണ്.
അവസാനം കാക്ക കൊത്തി സിറിയയില്‍ കൊണ്ടിട്ടാല്‍ വേദനിക്കാത്ത അമ്മമാരുണ്ടാകുമോ? നീറുന്ന ഹൃദയവും നിരാശയുമായി കഴിയുന്ന കുടുംബങ്ങളേ ഓര്‍ക്കുന്നവര്‍ ജാഗ്രത പാലിച്ചാല്‍ ഏതെങ്കിലും ഇന്ത്യന്‍ പീനല്‍ കോഡിനു എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? പാഴ് പണിയെടുക്കാന്‍ ചില ഉദ്യോഗസ്ഥര്‍. ചെണ്ടപ്പുറത്ത് കോലുമായി ഇടന്തലക്കാര്‍. പള്ള് കേള്‍ക്കാന്‍ നിഷ്കളങ്കരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: