സംസ്ഥാന പോലീസ് നേതൃത്വത്തിനെതിരെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ ഗൗരവമുള്ളതാണ്. ഏവരെയും ഞെട്ടിക്കുന്ന കാര്യങ്ങളാണ് പോലീസ് സേനയിലെ ക്രമക്കേടുകളെ കുറിച്ച് പുറത്തുവരുന്നത്. സംശുദ്ധവും അഴിമതിരഹിതവുമായിരിക്കേണ്ട സേനയുടെ ശുദ്ധീകരണത്തിന് അടിയന്തര പ്രാധാന്യം നല്‍കേണ്ട സമയമാണിത്.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് എതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ട്. ബെഹ്റ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നാണ് ഇത് തെളിയിക്കുന്നത്. പൊലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നുമാണ് സിഎജിയുടെ കണ്ടെത്തല്‍. ‘പോലീസ് സേനയുടെ നവീകരണവും ശക്തിപ്പെടുത്തലു’മെന്നതിന്റെ പ്രവര്‍ത്തന ക്ഷമതാ ഓഡിറ്റാണ് സിഎജി നടത്തിയത്. പൊലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിനുള്ള തുകയില്‍ 2.81 കോടി രൂപയാണ് വക മാറ്റിയത്. എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാനാണ് പണം വക മാറ്റിയത്. പോലീസിന്റെ ആധുനികവത്കരണത്തിനായുള്ള പണമെടുത്താണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകളും ബംഗ്ലാവുകളും നിര്‍മ്മിച്ചത്.
പോലീസിനുവേണ്ടി കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ക്യാമറകള്‍, വാഹനങ്ങള്‍ എന്നിവയും വാങ്ങിയത് സ്റ്റോര്‍ പര്‍ച്ചേസ് നടപടികളിലെ നിബന്ധനകള്‍ ലംഘിച്ചുകൊണ്ടാണെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയിട്ടുള്ളത്. പോലീസ് സ്റ്റേഷനുകളിലേക്ക് കാര്‍ വാങ്ങിയതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ദര്‍ഘാസ് ക്ഷണിക്കാതെ ഡിജിപിയുടെ തന്നിഷ്ടപ്രകാരമാണ് വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയത്. ഒരു കമ്പനിയെ നേരത്തേ തന്നെ തീരുമാനിച്ച് അവരുമായി കരാറുണ്ടാക്കിയായിരുന്നു, വാഹനം വാങ്ങല്‍. ഇത് സര്‍ക്കാരിനെപ്പോലും നേരത്തേ അറിയിച്ചില്ല. കാര്വിതരണ കമ്പനിക്ക് മുന്‍കൂറായി പണം നല്കിയതും ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ്. നവീകരണത്തിനുള്ള പണമെടുത്ത് പോലീസ് മേധാവിയുടെ തന്നിഷ്ടപ്രകാരം ആഡംബരക്കാറുകളും വാങ്ങിക്കൂട്ടി. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ വാങ്ങലിലും ഗുരുതര പിഴവുകളാണുണ്ടായിരിക്കുന്നത്.
പോലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന് സിഎജിയുടെ മറ്റൊരു കണ്ടെത്തല്‍. വെടിക്കോപ്പുകളില്‍ 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ഗുരുതരമായ കണ്ടെത്തലാണ്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ചു. സംഭവം മറച്ചു വയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയും ചെയ്തു. രേഖകള്‍ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.
ഈ വെടിക്കോപ്പുകള്‍ എവിടേക്കു പോയെന്ന അന്വേഷണം അടിയന്തിരമായി നടക്കണം. പോലീസ് തന്നെ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. തിരുവനന്തപുരം എസ്എപിയില് നിന്ന് മാത്രം 25 റൈഫിളുകള്‍ കാണാനില്ല. മറ്റ് ആയുധങ്ങളിലും കുറവുണ്ട്. ദേശസുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ അലംഭാവം പാടില്ല. തീവ്രവാദികളോ അവരുമായി ബന്ധപ്പെട്ടവരോ എല്ലാ മേഖലകളിലും നുഴഞ്ഞുകയറുന്ന ഇക്കാലത്ത് പോലീസ് സേനയെയും അതില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ല. ആയുധങ്ങളും വെടിക്കോപ്പുകളും ദേശവിരുദ്ധരുടെ കയ്യിലെത്തുന്ന ഗുരുതര സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ആയുധങ്ങള്‍ കൈമാറിയതും സ്വീകരിച്ചതും കൊണ്ടുപോയതും കൊണ്ടുവന്നതുമായി ബന്ധപ്പെട്ട രേഖകളിലും രജിസ്റ്ററുകളിലും പല തവണ വെട്ടിത്തിരുത്തല്‍ വരുത്തിയിട്ടുണ്ട്. അതില്‍ പലതും വായിക്കാന്‍ പോലും കഴിയുന്ന തരത്തിലല്ലത്രേ. സുരക്ഷയെത്തന്നെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായതിനാല്‍ സത്വര നടപടി ആവശ്യമാണെന്ന് സിഎജി ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് സേനയെ അഴിമതി രഹിതവും കാര്യക്ഷമവുമാക്കുമെന്ന് ഇടയ്ക്കിടെ പറഞ്ഞതുകൊണ്ടായില്ല. കൃത്യവും കര്‍ശനവുമായ നടപടികളാണാവശ്യം. കാവലേല്പ്പിച്ചിരിക്കുന്നയാള് കള്ളനാണെന്ന് കണ്ടെത്തിയാല്‍ കാവല്‍ക്കാരനെ മാറ്റുകതന്നെയല്ലേ വേണ്ടത്. അല്ലാതെ വീണ്ടും അഴിമതി കാണിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയല്ല ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: