1927 സെപ്തംബറിലെ വിജയദശമി നാളില്‍, ചേര്‍ത്തല മുഹമ്മയിലെ ചാരമംഗലത്ത്, താമരശ്ശേരിയില്‍ പരമേശ്വരന് ഇളയതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും ഇളയമകനായി ജനനം. ഓര്‍മ്മവച്ച കാലം മുതല്‍ സംസ്കൃതവും അക്ഷരശ്ലോകവും കേട്ടാണ് വളര്‍ന്നത്. സിദ്ധരൂപവും അമരകോശവും അന്നേ പരിചയിച്ചിരുന്നു. അച്ഛന് കവിത ചൊല്ലും അത്താഴം കഴിഞ്ഞ് ഒരുമിച്ചിരുന്നുള്ള അക്ഷരശ്ലോകവും പതിവ് അച്ഛനായിരുന്നു ആദ്യക്ഷരം കുറിപ്പിച്ചത്. നാലാം ക്ലാസുവരെയുള്ള പഠനം വീടിനടുത്തുള്ള കായിക്കര ആര്‍എല്‍പി സ്കൂളില്‍. അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ തണ്ണീര്‍മുക്കം സര്‍ക്കാര്‍ മലയാളം സ്കൂളില്‍. സെക്കന്‍ഡ്, തേര്‍ഡ് ഫോറങ്ങള്‍ കെ.പി. മെമ്മോറിയല്‍ സ്കൂളില്‍. ഫോര്‍ത്തും ഫിഫ്ത്തും സിക്സ്ത്തും ഫോറങ്ങള്‍ ചേര്‍ത്തല ഗവണ്‍മെന്റ്സ്കൂളിലും. ഈ സമയത്താണ് വയലാര്‍ രാമവര്‍മ്മ സഹപാഠിയായത്. അദ്ദേഹവുമായി ആത്മാര്‍ത്ഥമായ സൗഹൃദബന്ധവും നിലനിന്നിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് എഫ്എ (ഫെലോ ഓഫ് ആര്‍ട്സ്) പരീക്ഷയ്ക്കുള്ള രണ്ടു വര്‍ഷ കോഴ്സിന് ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ ചേര്‍ന്നു. ഫസ്റ്റ് ഗ്രൂപ്പിന് അര്‍ഹതയുണ്ടായിരുന്നിട്ടും തേര്‍ഡ് ഗ്രൂപ്പ് തെരഞ്ഞെടുക്കാന്‍ കാരണമെന്തെന്ന് പ്രിന്‍സിപ്പാള്‍ ചോദിച്ചപ്പോള്‍ നല്കിയ ഉത്തരം ഇഷ്ടവിഷയമതാണെന്നാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് ബിഎ ഹിസ്റ്ററി (ഓണേഴ്സ്) പഠിച്ചത്.
പരീക്ഷകള്‍ ഒരിക്കലും അദ്ദേഹത്തിന് ടെന്‍ഷനുണ്ടാക്കിയിട്ടില്ല. പത്താംക്ലാസ് പരീക്ഷ ഫസ്റ്റ് ക്ലാസില്‍ പാസായി. ബിഎ ഓണേഴ്സിന് പഠിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം മൂലം പഠനം ഒരു വര്‍ഷം കൂടി നീണ്ടെങ്കിലും തൊട്ടടുത്ത വര്‍ഷം ഫസ്റ്റ് റാങ്കോടെയാണ് ഫൈനല്‍ പരീക്ഷ ജയിച്ചത്.
കുട്ടിക്കാലം മുതല്ക്കേ അക്ഷരങ്ങളുടെ ലോകത്തായിരുന്നതിനാല്‍ വായന സ്വാഭാവികമായും ജീവിതത്തിന്റെ ഭാഗമായി. വിവേകാനന്ദ സാഹിത്യത്തിലേക്കാണ് ആദ്യം കടന്നത്. സ്കൂളിലേക്കുള്ള നടത്തത്തിനിടയില്‍ സുഹൃത്തായ ചെറുവാരണം കെ.കെ. കുമാരനെ പുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിക്കുമായിരുന്നു. പില്ക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവായ കുമാരന് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി വരെയായി.
രാമകൃഷ്ണാശ്രമത്തിലെ ആഗമാനന്ദ സ്വാമികള്‍ വളരെയേറെ സ്വാധീനിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ വായനയ്ക്ക് പ്രചോദനമായി. ഇംഗ്ലീഷ് ഭാഷയില്‍ സ്വാധീനമുണ്ടാക്കാന്‍ വിവേകാനന്ദ സാഹിത്യം ഏറെ ഉപകരിച്ചു. രാത്രിയില്‍ ഉണര്‍ന്നിരുന്ന് ഉറക്കെയാണ് വായിച്ചിരുന്നത്. അച്ഛന്റെ സ്വാധീനം മൂലം ഉള്ളൂര്‍, വള്ളത്തോള്‍ കവിതകളും ചങ്ങമ്പുഴയുടെ രമണനുമൊക്കെ വായിച്ചു.
കവിതയെഴുത്തിലായിരുന്നു ആദ്യകമ്പം. സ്കൂള്‍ കവിതാ മത്സരത്തില്‍ കൊളുകൊണ്ട വേമ്പനാട് എന്ന വിഷയത്തില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാംസ്ഥാനം വയലാര്‍ രാമവര്‍മ്മയ്ക്കും. നല്ലൊരു പ്രാസംഗികനാകണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. അതിന് അച്ഛനും ജേ്യഷ്ഠന്മാരും സഹായിച്ചിരുന്നു. ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍ എഴുതിയ നാഗമയ്യയുടെ പേരിലുള്ള ഉപന്യാസ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. ആഗമാനന്ദസ്വാമികളുടെ പ്രഭാഷണ വേദികളിലെ നിത്യസന്ദര്‍ശകനായിരുന്നു. അദ്ദേഹത്തോടൊപ്പം ഭാരതപര്യടനവും നടത്തിയിട്ടുണ്ട്.
ബിഎ ഓണേഴ്സ് അവസാന വര്‍ഷം പഠിക്കുമ്പോഴാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടു. അതിനെതിരെ സത്യഗ്രം നടത്തി അറസ്റ്റിലായി. ചങ്ങനാശ്ശേരിയിലെ എസ്ബി കോളേജ് പഠനകാലത്താണ് സംഘശാഖയില്‍ പോയിത്തുടങ്ങിയത്. ബിരുദപഠനം പൂര്‍ത്തിയായതിനുശേഷം മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി. ആദ്യം കൊല്ലത്തും പിന്നീട് കോഴിക്കോട്ടും കൊച്ചിയിലും പ്രചാരകനായി. ഏകനാഥ റാനഡെയുടെ ക്ഷണപ്രകാരം 1953 ല്‍ ജനസംഘത്തിന്റെ പ്രവര്‍ത്തകനായി. സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. ഗുരുജിയുടെയും പണ്ഡിറ്റ് ദീനദയാല്‍ജിയുടേയും സാമീപ്യവും മാര്‍ഗ്ഗദര്‍ശനവും പരമേശ്വര്‍ജിയുടെ ആധ്യാത്മിക വ്യക്തിത്വത്തിന് ദേശീയവും സാമൂഹികവുമായ കര്‍ത്തവ്യബോധം കൂടി പകര്‍ന്ന് മിഴിവേകി.
അടിയന്തരാവസ്ഥയ്ക്കുശേഷം സജീവരാഷ്ട്രീയം വിട്ടു. ആര്‍എസ്എസ്സിന്റെ അനിഷേധ്യ ദാര്ശനികന് എന്ന നിലയില്‍ തേടിവന്ന രാഷ്ട്രീയ പദവികള്‍ അദ്ദേഹം വേണ്ടെന്നുവച്ചു. വായനയിലും എഴുത്തിലും ആര്‍എസ്എസ്സിന്റെ ആശയ പ്രചരണത്തിലും സജീവമായി ഇടപെട്ടു.
1977 മുതല്‍ 81 വരെ ദല്‍ഹി ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. 1982ല്‍ തിരിച്ച് കേരളത്തില്‍ വന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഭാരതീയ വിചാരകേന്ദ്രം എന്ന പഠനഗവേഷണ കേന്ദ്രം ആരംഭിച്ചു. കേരളത്തിലെ ദേശീയപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുമായി അഭേദ്യബന്ധമുള്ള ഭൂമിയിലാണ് ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനമായ സംസ്കൃതിഭവന്‍ ഉയര്‍ന്നു വന്നത്. ദേശീയ വിചാരധാരയ്ക്ക് കേരളത്തില്‍ സ്ഥാനമില്ലാതിരുന്ന സന്ദര്‍ഭത്തിലാണ് വിചാരകേന്ദ്രം ആരംഭിക്കുന്നത്. കന്യാകുമാരി വിവേകാനന്ദകേന്ദ്രം അദ്ധ്യക്ഷനെന്ന നിലയില്‍ പ്രവര്‍ത്തിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ജനസംഘത്തിന്റെയും വിവേകാനന്ദ ചിന്തയുടേയും സരണിയിലൂടെ ഭാരതീയതയെ കണ്ടെത്തി വിളംബരം ചെയ്യുകയെന്ന നിരന്തര യാത്രയിലായിരുന്നു പി. പരമേശ്വരന്. ആദര്‍ശങ്ങളിലും വിശ്വാസങ്ങളിലും അണുവിടപോലും വിട്ടുവീഴ്ച ചെയ്യാതെ ഇടതുപക്ഷാധിപത്യമുള്ള കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തില്‍ തന്റേതായ ഒരിടം കണ്ടെത്തിയ പരമേശ്വരന് പ്രവര്‍ത്തിച്ച പ്രസ്ഥാനങ്ങളില്‍ മാത്രമല്ല പൊതുസമൂഹത്തിന്റെ കൂടി ആദരവും അംഗീകാരവും സ്വന്തമാക്കി.
മലയാളത്തിലും ഇംഗ്ലീഷിലുമായി മുപ്പതോളം ഗ്രന്ഥങ്ങളും നൂറുകണക്കിന് ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. മാതൃഭൂമി പ്രസിദ്ധീകരിച്ച ദിശാബോധത്തിന്റെ ദര്‍ശനം എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒലമൃ േ ആലമെേ ീള മ ഒശിറൗ ചമശേീി’, ‘ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്’, ‘വിവേകാനന്ദനും മാര്‍ക്സും’, ബിയോണ്ട് ആള് ഇസംസ് ടു ഹ്യുമനിസം, മാര്‍ക്സില്‍നിന്ന് മഹര്‍ഷിയിലേക്ക്, ‘ഭാവിയുടെ ദാര്ശനികന് ശ്രീ അരവിന്ദന്’, ‘മാറുന്ന സമൂഹവും മാറാത്ത മൂല്യങ്ങളും’, ‘സ്വതന്ത്രഭാരതം ഗതിയും നിയതിയും’ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍. പരമേശ്വര്‍ജിയെന്ന കവിയെക്കുറിച്ച് മലയാളത്തിന്റെ മഹാകവി അക്കിത്തം പ്രഖ്യാപിച്ചത് സ്വാമി വിവേകാനന്ദന്, നാരായണഗുരുദേവന്‍, പി. പരമേശ്വരന് എന്നിവര്‍ ഒരേ ശ്രേണിയില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന കവികളാണെന്നാണ്.
കല്‍ക്കത്താ ബഡാബാസാറിന്റെ ഭായിജി ഹനുമാന് പോദ്ദര്‍ 1997, അമൃതാനന്ദമയീ മഠം അമൃതകീര്‍ത്തി പുരസ്കാരം 2002, വിദ്യാധിരാജ ദര്‍ശനപുരസ്കാരം 2007, വിജയദശമി പുരസ്കാരം 2008, ഹിന്ദു ഓഫ് ദി ഇയര്‍ 2010, തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചു. 2004ല്‍ പദ്മശ്രീയും 2018ല്‍ പദ്മവിഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: