അടിമാലി: വനവാസി ക്ഷേമത്തിനായി കണ്ണീരൊഴുക്കുന്ന ഇടത്- വലത് മുന്നണികളുടെ ശ്രദ്ധയിലുണ്ടോ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ തകര്‍ന്ന ഓഫീസ് കെട്ടിടം? മന്ത്രിമാരും, പ്രതിപക്ഷ നേതാവുമെല്ലാം കാടിന്റെ മക്കളെക്കാണാനെന്ന പേരില്‍ വല്ലപ്പോഴുമൊക്കെ മല കയറുന്നുണ്ടെങ്കിലും മക്കളുടെ അവശതകള്‍ വനരോദനമായി തുടരുന്നു.
കോടികളുടെ വികസന പദ്ധതികള്‍ ആണ്ടുതോറും പ്രഖ്യാപിക്കുന്നതൊഴിച്ചാല്‍ കാടിന്റെ മക്കള്‍ക്ക് വികസനം വിദൂരതയില്‍ തന്നെയാണിപ്പോഴും. പഞ്ചായത്ത് കെട്ടിടത്തിന്റെ ജനലുകളടക്കം വന്യമൃഗങ്ങള്‍ തകര്‍ത്തതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പകരം സൊസൈറ്റി കുടിയിലുണ്ടായിരുന്ന ഓഫീസ് 60 കിലോമീറ്ററോളം അകലെ ദേവികുളത്തേക്ക് മാറ്റി സ്ഥാപിച്ചു. പഴയ കെട്ടിടം ചോര്‍ന്നൊലിക്കുന്ന നിലയില്‍ നാശത്തിന്റെ വക്കിലാണ്. പത്തിലേറെ കുടികളിലായി വ്യാപിച്ചു കിടക്കുന്ന ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി. വിവിധ വാര്‍ഡുകളിലെ ജനങ്ങള്‍ ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് ദേവികുളത്ത് എത്തേണ്ട സ്ഥിതിയാണുള്ളത്. പ്രളയത്തില്‍ കവിതക്കാടിന് സമീപം തകര്‍ന്ന റോഡിന്റെ പുനഃനിര്‍മ്മാണം ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. കാല്‍നടയായി പെട്ടിമുടിയിലെത്തി ട്രിപ്പ് വാഹനങ്ങളില്‍ മൂന്നാറിലെത്തണം. തുടര്‍ന്ന് 10 കിലോമീറ്റര്‍ കൂടി യാത്ര ചെയ്താലെ ദേവികുളത്ത് എത്തു. ജനങ്ങളുടെ ദുരിതം കണ്ടിട്ടും കാണാത്ത ഭാവം നടിക്കുകയാണ് സര്‍ക്കാര്‍.
ഡിസംബറില്‍ പ്രതിപക്ഷ നേതാവും, ഇടുക്കി എംപിയും അടക്കമുള്ള പരിവാരങ്ങളും കുടിയിലെത്തി മടങ്ങിയെങ്കിലും കാടിന്റെ മക്കളുടെ ദുരിതം മാറ്റാന്‍ ഒന്നും ചെയ്തില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ മന്ത്രിമാരും സന്ദര്‍ശനം നടത്തി മടങ്ങി. ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കാടിന് അന്യമാണ്. പഞ്ചായത്തിന്റെ പ്രവര്‍ത്തനവും വളരെ പരിതാപകരമാണ്. നേതാക്കന്മാര് വഴിപാട് പോലെ എത്തുന്നത് ഒഴിച്ചാല്‍ ഇടമലക്കുടിയുടെ വികസനം കടലാസുകളില്‍ ഒതുങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: