റാന്നി: ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയെ വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ശബരിമലയെ പെരുനാട് പഞ്ചായത്തില്‍ നിന്ന് ഒഴിവാക്കി പത്തനംതിട്ടയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഗവിയെയും ശബരിമലയെയും ഉള്‍പ്പെടുത്തിയാണ് പുതിയ രൂപരേഖ തയാറാക്കുന്നത്. ശബരിമലയും ഗവിയും ഉള്‍പ്പെടുത്തി പ്രത്യേക മേഖലയാക്കി വിനോദ സഞ്ചാര സാധ്യതകള്‍ കണ്ടെത്താനാണ് സര്‍ക്കാരിന്റെ നീക്കം.
ശബരിമലയുമായി ചേര്‍ന്ന് കിടക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ ഗവിയെ സീതത്തോട് പഞ്ചായത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമയ ബന്ധിതമായി മാത്രം തീര്ത്ഥാടനമുള്ള ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ നടപടി ലക്ഷക്കണക്കിന് അയ്യപ്പവിശ്വാസികളുടെ ആചാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ശബരിമല ഉള്‍പ്പെടുന്ന പഞ്ചായത്ത് എന്ന നിലയില്‍ തീര്‍ത്ഥാടക സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ പണം ലഭിച്ചിരുന്നത് പെരുനാട് പഞ്ചായത്തിനായിരുന്നു. ശബരിമലയെ ഒഴിവാക്കിയാല്‍ ഇത് ലഭിക്കില്ല. ഇത് തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനെ ബാധിക്കും. പെരുനാട് പഞ്ചായത്തില്‍ നിന്ന് ശബരിമലയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ അഭിപ്രായം ആരാഞ്ഞ് ഔദ്യോഗിക അറിയിപ്പും ലഭിച്ചു.
പെരുനാട് പഞ്ചായത്തില്‍നിന്ന് ശബരിമലയെ ഒഴിവാക്കിയ നടപടിയില്‍ പഞ്ചായത്ത് ഭരണസമിതി അതൃപ്തി അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ പുതിയ ഭൂരേഖയില്‍ നിലയ്ക്കല്‍ വരെ മാത്രമാണ് പെരുനാട് പഞ്ചായത്തിന്റെ കീഴില്‍ വരുന്നത്. ശബരിമലയുമായി ചേര്‍ന്ന് കിടക്കുന്ന സീതത്തോട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഗവിയും മാറ്റിയതില്‍ വലിയ ദുരൂഹതയുണ്ടെന്നാണ് ജനപ്രതിനിധികളും പറയുന്നത്. ശബരിമല തീര്‍ത്ഥാടനത്തെ തകര്‍ക്കുവാനും വിനോദസഞ്ചാര കേന്ദ്രമാക്കുവാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് പാണ്ടിത്താവളത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ ഹെലിപാഡ് നിര്‍മിച്ചതെന്നും ആരോപണമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: