ന്യൂദല്‍ഹി : പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം ചെറുക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തിയിലെ പഴകിയ കമ്പി വേലികള്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 7.18 കിലോമീറ്റര്‍ നീളത്തില്‍ 14,30,44,000 രൂപ ചെലവിലാണ് ഇത് നിര്‍മിക്കുന്നത്. ഒരു കിലോമീറ്ററിന് 1.99 കോടി ചെലവിലാമ് കമ്പിവേലിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുക.
അതിര്‍ത്തി വഴിയുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പഴയ കമ്പിവേലി മാറ്റി പുനഃസ്ഥാപിക്കുന്നത്. അതിര്‍ത്തിയിലെ ചില സ്ഥലങ്ങളില്‍ കമ്പിവേലി ദ്രവിച്ച് തീര്‍ത്തും നാശമായ അവസ്ഥയിലാണ്. ഈ പ്രദേശത്തേയ്ക്കുള്ള നുഴഞ്ഞുകയറ്റം വര്‍ധിക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ കൂടിയാണ് ഈ നടപടി.
്അതിര്‍ത്തിയിലെ കമ്പിവേലി ദ്രവിക്കാന്‍ തുടങ്ങിയതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആദ്യം തന്നെ ഇത് മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചതാണ്. ഇന്ത്യ- പാക്കിസ്ഥാന്- ബംഗ്ലാദേശ് അതിര്‍ത്തികളിലെ 71 കിലോമീറ്റര്‍ വേലിയാണ് ആദ്യഘട്ടത്തില്‍ മാറ്റാന്‍ ആരംഭിച്ചത്.
ഇതില്‍ 10 കിലോമീറ്റര്‍ ഇന്ത്യ- പാക് അതിര്‍ത്തിയിലും, ബാക്കി 61 കിലോമീറ്റര്‍ ഇന്ത്യ- ബംഗ്ലാദേശ് അതിര്ത്തിയിലേതുമാണ്. പദ്ധതിയുടെ രണ്ടാംഘട്ടമായാണ് ബാക്കിയുള്ള സ്ഥലങ്ങളിലേയും കാലഹരണപ്പെട്ട കമ്പിവേലി മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: