മലപ്പുറം: ഡോക്ടർമാരായ സുഹൃത്തുക്കളെ സദാചാരപോലീസ് ചമഞ്ഞ് തടഞ്ഞുവച്ച് പണം തട്ടിയവർ അറസ്റ്റിൽ. നബീൽ, ജുബൈസ്, മുഹമ്മദ് മൊഹ്സിൻ, അബ്ദുൾ ഗഫൂർ, സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഇവരെല്ലാം എരുമത്തടം സ്വദേശികളാണ്. ഇരുപതിനായിരം രൂപയാണ് ഡോക്ടർമാരിൽ നിന്നും തട്ടിയെടുത്തത്.
കൊളത്തൂരിന് അടുത്ത് എരുമത്തടത്ത് വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഇവരെ തടയുകയായിരുന്നു. 50,000 രൂപ നൽകിയാലേ വിട്ടയയ്ക്കൂ എന്നായിരുന്നു ഇവർ ഭീഷണിപ്പെടുത്തിയത്. ഏകദേശം അഞ്ച് മണിക്കൂറോളം ഇവരെ തടഞ്ഞുവച്ചു.
ഡോക്ടർമാരുടെ കൈയിലുണ്ടായിരുന്ന മൂവായിരം രൂപ ബലമായി പിടിച്ചുവങ്ങിയ സംഘം ഇവരിൽ എടിഎം കാർഡും പിൻനമ്പരും വാങ്ങിയ ശേഷം മൂന്നു തവണയായി 17,000 രൂപ കൂടി എടിഎം കാർഡ് വഴി പിൻവലിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിൽ ഇന്ന് രാവിലെയാണ് പ്രതികളെ പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: